കശ്മീരിൽ ഇരട്ടപതാക ഉയർത്താനുള്ള അനുമതിക്ക് സ്റ്റേ
text_fieldsശ്രീനഗര്‍: ജമ്മു കശ്മീരില്‍ ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താന്‍ അനുമതി നല്‍കിയ ഹൈകോടതി ഉത്തരവിന് സ്റ്റേ. ഹൈകോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ഡിസംബര്‍ 18നായിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാഹനങ്ങളിലും ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താന്‍ ഹൈകോടതി അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിനെതിരെ ബി.ജെ.പിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
പ്രത്യേക അധികാരമുള്ള ജമ്മു കശ്മീര്‍ നിയമസഭയാണ് പതാക രൂപീകരിച്ചതെന്നും ഭരണഘടന ഇത് അംഗീകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഇരട്ട പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. മാർച്ച് ഒന്നിന് നടന്ന പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ രണ്ടു പതാകകൾക്കും തുല്യസ്ഥാനം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. മാർച്ചിൽ പി.ഡി.പി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ദേശീയപതാകക്കൊപ്പം സംസ്ഥാനത്തിന്‍റെ പതാകയും ഉയർത്തണമെന്ന് നോട്ടീസ് ഇറക്കിയിരുന്നു. ഇതാണ് ഭരണത്തിൽ പങ്കാളികളായ ബി.ജെ.പിയുമായി വിവാദത്തിന് തുടക്കമിട്ടത്.
ഇന്ത്യയില്‍ ദേശീയപതാകക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താനുള്ള അനുമതി ജമ്മു കശ്മീരിന് മാത്രമേയുള്ളു. ദേശീയ പതാകക്കൊപ്പം സംസ്ഥാന പതാകക്ക് തുല്യാവകാശം നല്‍കാനാകില്ലെന്നും ഉത്തരവിനെ നിയമപരമായി നേരിടുമെന്നുമാണ് ബിജെപി തീരുമാനം.
ഭരണഘടനയിലെ 371ാം ആര്‍ട്ടിക്കിള്‍ പ്രകാരം ജമ്മുകശ്മീരിന് പ്രത്യേകസ്ഥാനമാണ് നല്‍കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരട്ട പതാക ഉയര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.