പത്താൻകോട്ട് ആക്രമണം; ജിഹാദ് കൗൺസിൽ അല്ലെന്ന് കേന്ദ്രം
text_fieldsപത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിലുണ്ടായ ഭീകരാക്രമണത്തിൻെറ ഉത്തരവാദിത്തം പാക് അധീന കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് ജിഹാദ് കൗൺസിൽ എന്ന സംഘടന ഏറ്റെടുത്തു. സംഘടനയുടെ ഹൈവേ സ്ക്വാഡ് എന്ന വിഭാഗമാണ് ആക്രമണം നടത്തിയത് എന്നാണ് അവകാശവാദം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ അവകാശ വാദം കേന്ദ്രസർക്കാർ തള്ളി. ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു.
ഇന്ന് സൈന്യം തീവ്രവാദികൾക്കെതിരെ നടത്തിയ തിരിച്ചടിയിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരും കൊല്ലപ്പെട്ടു. വ്യോമസേനാ താവളത്തിനടുത്ത് ഒളിച്ചിരുന്നവരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. തീവ്രവാദിയാക്രമണം ആരംഭിച്ച ശനിയാഴ്ച നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പത്താൻകോട്ടിൽ ഭീകരവാദികൾക്കെതിരെയുള്ള നീക്കം തുടരുകയാണെന്ന് എൻ.എസ്.ജി ഐ.ജി മേജർ ജനറൽ ദുഷ്യന്ത് സിങ് അറിയിച്ചു. കൂടുതൽ സുരക്ഷാ സൈനികർ വ്യോമസേനാ താവളത്തിൽ എത്തിയിട്ടുണ്ട്. താവളം വലുതായതിനാൽ തിരച്ചിൽ അവസാനിക്കാൻ ഇനിയും സമയമെടുക്കും. ദേശീയ സുരക്ഷാ സേന (എൻ.എസ്.ജി), ഗരുഡ് സേന എന്നിവർ ചേർന്നാണ് ഭീകരർക്കെതിരെ സൈനിക നീക്കം നടത്തുന്നതെന്നും ദുഷ്യന്ത് സിങ് അറിയിച്ചു.
അതിനിടെ പഞ്ചാബിൽ ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദീപ് സിങ്, ജിതേന്ദർ സിങ്, ഗുർജൻ സിങ് എന്നിവരെയാണ് പഞ്ചാബിലെ മൊഹാലിയിൽ വെച്ച് പിടികൂടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.