പത്താന്‍കോട്ട്: എത്ര ഭീകരര്‍? ഇരുട്ടില്‍ തപ്പി സുരക്ഷാസേന
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാകേന്ദ്രം ആക്രമിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും, എത്ര ഭീകരര്‍ അകത്തുകയറിയെന്ന് ഉറപ്പിക്കാനാവാതെ സൈന്യവും പൊലീസും ഇരുട്ടില്‍ തപ്പുന്നു. എല്ലാ ഭീകരരെയും വധിച്ചെന്ന് സ്ഥിരീകരിക്കാനാവാതെ അങ്കലാപ്പോടെ തിരച്ചില്‍ തുടരുകയാണ്. സുരക്ഷാവിഷയത്തിലും ഭീകരവേട്ടയിലുമുള്ള ശേഷി ചോദ്യംചെയ്യുന്നവിധം പത്താന്‍കോട്ട് ഭീകരാക്രമണ സംഭവത്തില്‍ സുരക്ഷാവിഭാഗങ്ങളുടെ പിഴവുകള്‍ പച്ചയായി പുറത്തുവന്നിരിക്കുകയാണ്. വിഷയം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കടുത്ത വിമര്‍ശം നേരിടുകയാണ്.
ആറാമത്തെ ഭീകരനെ പിടികൂടാന്‍ കഴിയാതെ, അയാള്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തില്‍ ഒരു കെട്ടിടംതന്നെ തകര്‍ക്കുകയാണ് മൂന്നാം ദിവസം വൈകുന്നേരമായപ്പോള്‍ സേന ചെയ്തത്. പഞ്ചാബ് പൊലീസും സൈന്യവും എന്‍.എസ്.ജിയും ചേര്‍ന്ന് നടത്തുന്ന ഭീകരവേട്ട 70 മണിക്കൂര്‍ കഴിഞ്ഞിട്ടും അവസാനിച്ചിരുന്നില്ല. പത്താന്‍കോട്ട് വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിതമായിരുന്നില്ല. മലയാളിയായ ലഫ്. കേണല്‍ നിരഞ്ജന്‍ കൊല്ലപ്പെട്ടത് ഭീകരരുടെ നേരിട്ടുള്ള ആക്രമണത്തിലല്ല. ബോംബ് നിര്‍വീര്യമാക്കാനുള്ള സജ്ജീകരണങ്ങള്‍ ഉന്നത പോര്‍സംഘമായ എന്‍.എസ്.ജിയുടെ പക്കല്‍ ഉണ്ടായിരുന്നില്ളെന്നാണ് പറയുന്നത്. അതല്ളെങ്കില്‍ കൊല്ലപ്പെട്ട ഭീകരന്‍െറ ദേഹത്തുനിന്ന് ഗ്രനേഡ് അഴിച്ചുമാറ്റുന്നതിനിടയില്‍ നിരഞ്ജന്‍ മരണപ്പെടുന്ന സാഹചര്യം ഉണ്ടാവുമായിരുന്നില്ല. 2013 സെപ്റ്റംബറിനു ശേഷമുള്ള അഞ്ചാമത്തെ ആക്രമണമാണ് പത്താന്‍കോട്ട് നടന്നത്. എല്ലാറ്റിനും സമാന സ്വഭാവം. സൈനിക വേഷത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് എത്തിയ തീവ്രവാദികളുടെ ചെറുസംഘമാണ് ആക്രമണം നടത്തിയത്. ആദ്യം ടാക്സി പിടിക്കുന്നു. പിന്നെ ഒൗദ്യോഗിക വാഹനം റാഞ്ചുന്നു. പൊലീസ് സ്റ്റേഷന്‍, സൈനിക ക്യാമ്പ്, വ്യോമസേനാ താവളം എന്നിവയാണ് ലക്ഷ്യമാക്കിയത്. ഇതിനെല്ലാമിടയില്‍ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ച മുഴച്ചു നില്‍ക്കുന്നു.
പഞ്ചാബിലെ പൊലീസ് സംവിധാനത്തിലുള്ള വീഴ്ചയാണ് മറ്റൊന്ന്. ദിനാനഗര്‍ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം നടന്നത് ജൂലൈയിലാണ്. അതിനടുത്തുനിന്നാണ് എസ്.പി സല്‍വീന്ദര്‍ സിങ്ങിനെ തട്ടിക്കൊണ്ടു പോയത്. എസ്.പി പറഞ്ഞത് 14 മണിക്കൂര്‍ നേരത്തേക്ക് പൊലീസ് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പിന്നെയാണ് വലിയൊരു ദേശസുരക്ഷാ പ്രശ്നമാണ് അതെന്ന് തിരിച്ചറിയുന്നത്. മുതിര്‍ന്ന പൊലീസ് ഓഫിസറായ എസ്.പിയെ ഭീകരര്‍ വെറുതെവിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം ബാക്കി. നാലു ഭീകരരാണ് ഉണ്ടായിരുന്നതെന്ന് വിട്ടയക്കപ്പെട്ട എസ്.പി പറയുന്നു. അപ്പോള്‍ ബാക്കി തീവ്രവാദികള്‍ എവിടെനിന്നു വന്നു?
ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്‍കൂട്ടി വിവരം കിട്ടിയിരുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഭീകരരുടെ സാന്നിധ്യം വെള്ളിയാഴ്ചതന്നെ തിരിച്ചറിഞ്ഞതായി പഞ്ചാബ് പൊലീസ് മേധാവി സുരേഷ് അറോറ പറയുന്നുണ്ട്. അതേതുടര്‍ന്നാണ് ഡല്‍ഹിയില്‍നിന്ന് 168 എന്‍.എസ്.ജി കമാന്‍ഡോകള്‍ പഞ്ചാബിലേക്ക് പറന്നത്. അതേസമയം, ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കി രണ്ടു ദിവസം കഴിഞ്ഞിട്ടും അവരെ പിന്തുടരാന്‍ കഴിഞ്ഞില്ല.
പാക് അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള തന്ത്രപ്രധാന വ്യോമസേന കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു മാത്രമല്ല, ഭീകരരെ നേരിടാനുള്ള ഇന്ത്യയുടെ സജ്ജതയും തന്ത്രങ്ങളും ചോദ്യംചെയ്യപ്പെടുകയാണ്. കമ്പിവേലി കെട്ടിയ അതിര്‍ത്തിയും നിരന്തര പട്രോളിങ്ങുമുള്ള മേഖലയിലൂടെ ഭീകരര്‍ കടന്നു വന്നത് അതിര്‍ത്തിയിലെ സുരക്ഷാ നിര്‍വഹണ വീഴ്ച വ്യക്തമാക്കുന്നു.
ഇന്ത്യ-പാക് സൗഹൃദം ശക്തിപ്പെടുന്ന വിധത്തില്‍ ഭരണനേതാക്കള്‍ ബന്ധപ്പെടുന്ന ഘട്ടത്തിലൊക്കെ, സമാധാന സാഹചര്യം അട്ടിമറിക്കാന്‍ ഐ.എസ്.ഐയും പാക് സൈന്യവും കരുനീക്കം നടത്തുക പതിവാണ്. പ്രധാനമന്ത്രിയുടെ ലാഹോര്‍ സന്ദര്‍ശനത്തിനു ശേഷം ഇത്തരമൊരു ജാഗ്രത ഇന്ത്യക്ക് ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.