Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2016 11:04 PM IST Updated On
date_range 1 April 2017 5:53 PM ISTപത്താൻകോട്ടിന് പിന്നിൽ ഗുരുതര സുരക്ഷാ വീഴ്ച
text_fieldsbookmark_border
ന്യൂഡൽഹി: ലെഫ്റ്റനന്‍റ് കേണൽ അടക്കം ഏഴു സൈനികർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പത്താൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണം ഗുരുതരമായ സുരക്ഷാ പിഴവിലേക്ക് വിരൽ ചൂണ്ടുന്നു. ഇന്ത്യൻ ഭാഗത്ത് സൈന്യത്തിലോ പൊലീസിലൊ ഉള്ള ആരുടെയെങ്കിലും സഹായം ഭീകരർക്ക് ലഭിച്ചിരുന്നോ എന്നത് അന്വേഷണത്തിലാണ്. ആക്രമണം നടന്നതിന്‍റെ തലേന്ന് ഭീകരർ തട്ടിക്കൊണ്ടു പോയെന്ന് പറയുന്ന ഗുരുദാസ്പൂർ എസ്.പി സർവീന്ദർ സിങ്ങിനെ എൻ.ഐ.എ ഉദ്യോഗസ്ഥർ ഇതിനകം മണിക്കൂറുകൾ ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്‍റെയും കൂടെ ഉണ്ടായിരുന്ന ജുവലറി ഉടമയുടെയും മൊഴികളിൽ വൈരുധ്യം ഉള്ളതായാണ് റിപ്പോർട്ട്.
26/11ന്‍റെ മുംബൈ ആക്രമണം പോലെ മൂന്നു ദിവസം വേണ്ടി വന്നു പത്താൻകോട്ടിൽ ഭീകരരെ പൂർണമായി വകവരുത്താൻ. ചൊവ്വാഴ്ച പുലർച്ചയോടെ ആറു പേരെയും വധിച്ചതായി സൈന്യം അവകാശപ്പെട്ടെങ്കിലും തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞും വ്യോമതാവളത്തിൽ നിന്ന് വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. ഡൽഹിയിൽ നിന്ന് 430 കി.മീ അകലെയുള്ള പത്താൻകോട്ട് പാക് അതിർത്തിയിൽ നിന്ന് 35 കി.മീ അടുത്താണ്. 2000 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്ന വ്യോമസേനാ താവളം ഒരു കൊച്ചു നഗരമാണ്. വ്യോമസേനാ ഉദ്യോഗസ്ഥരുടെ 1500ഓളം കുടുംബങ്ങൾ ഇതിനകത്ത് താമസിക്കുന്നുണ്ട്. മാർക്കറ്റും സ്കൂളും ക്യാമ്പിലുണ്ട്. മിഗ് 21 ഫൈറ്റർ ജെറ്റ് വിമാനങ്ങളും യുദ്ധത്തിനു ഉപയോഗിക്കുന്ന ഹെലികോപ്ടറുകളും ഇവിടെയുണ്ട്. ഇന്ത്യൻ ആർമിയുടെ യൂണിഫോം ധരിച്ചാണ് ആറു ഭീകരരും ക്യാമ്പിൽ എത്തിയത്. ഗുരുദാസ്പൂർ എസ്.പിയുടെ പക്കൽ നിന്ന് തട്ടിയെടുത്ത ഔദ്യോഗിക വാഹനത്തിലാണ് വന്നത്.
എസ്.പി സൽവീന്ദർ സിങ് ക്ഷേത്ര ദർശനം കഴിഞ്ഞ് പത്താൻകോട്ടിൽ നിന്ന് മടങ്ങുമ്പോൾ തടഞ്ഞു നിർത്തി വാഹനം തട്ടിയെടുത്തു എന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഡിസംബർ 31നു രാത്രി ആയിരുന്നു സംഭവം. പാചകക്കാരൻ മദൻ ഗോപാൽ, ജുവലറി ഉടമ രാജേഷ് വർമ എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. തന്‍റെ വാഹനവും മൂന്നു സെൽ ഫോണുകളിൽ രണ്ടെണ്ണവും ചിലർ ചേർന്ന് തട്ടിയെടുത്തെന്ന് ജനുവരി 1നു പുലർച്ചെ മൂന്നരക്ക് എസ്.പി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ഉണർന്നു പ്രവർത്തിക്കുന്നതിൽ വലിയ വീഴ്ച പൊലിസിന്‍റെയും സൈന്യത്തിന്‍റെയും ഭാഗത്ത് സംഭവിച്ചു. ഭീകരർ നുഴഞ്ഞു കയറിയതായി സൂചന കിട്ടിയിട്ടും മുന്നൊരുക്കങ്ങൾ നടത്തിയില്ല.
18നും 21നും ഇടക്ക് പ്രായക്കാരായ സൈനിക വേഷം ധരിച്ച നാല് പേരാണ് വാഹനം തടഞ്ഞു നിർത്തിയതെന്നാണ് എസ്.പിയുടെ സുഹൃത്ത് രാജേഷ് വർമ എൻ.ഐ.എയോട് പറഞ്ഞത്. ഇയാളാണ് വാഹനം ഓടിച്ചിരുന്നത്. അഫ്സൽ ഗുരുവിന്‍റെ മരണത്തിനു പകരം ചോദിക്കാനാണ് തങ്ങൾ വന്നതെന്ന് അവർ പറഞ്ഞതായി വർമ വെളിപ്പെടുത്തി. കാറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത അവർ എസ്.പി.യെയും പാചകക്കാരനെയും വഴിയിൽ തള്ളി. കുറേ കഴിഞ്ഞപ്പോൾ വർമയെയും പുറത്താക്കി. രാത്രി വൈകി അകമ്പടി ഇല്ലാതെ എസ്.പി എന്തിനു പോയി എന്ന ചോദ്യത്തിന് മതിയായ ഉത്തരം കിട്ടിയിട്ടില്ല. വാഹനത്തിലെ ബീക്കൻ ലൈറ്റ് അഴിച്ചു വെച്ചായിരുന്നു യാത്ര. പത്താൻകോട്ടെ ക്ഷേത്രം സന്ദർശിച്ചു മടങ്ങി വരുകയായിരുന്നു എന്നാണ് എസ്.പിയുടെ വിശദീകരണം. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയും പാക്കിസ്താനും അനുരഞ്ജന സാദ്ധ്യതകൾ തേടുമ്പോഴെല്ലാം ഇത്തരം അനിഷ്ട സംഭവങ്ങൾ നടക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ലാഹോറിൽ നവാസ് ശരീഫിനെ കണ്ടതിന്‍റെ ചൂടാറും മുമ്പാണ് ഭീകരാക്രമണം നടന്നത്. പാകിസ്താൻ സൈന്യത്തിന് മേൽക്കോയ്മ നഷ്ടപ്പെടുമെന്ന ഭീതിയിൽ സൈന്യവും ഐ.എസ്.ഐയും ചേർന്ന് ആസൂത്രണം ചെയ്തതാണ് പത്താൻകോട്ട് ആക്രമണമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ലാഹോറിലേക്ക് ബസ് യാത്ര നടത്തി തിരിച്ചു വന്നതിന്‍റെ പിന്നാലെയാണ് കാർഗിൽ ആക്രമണം നടന്നത്. പാക് സൈന്യം മേഖലയിൽ സമാധാനം അനുവദിക്കില്ല എന്ന നിരീക്ഷണം ശരിവെക്കുന്നതാണ് ഈ സംഭവ വികാസങ്ങൾ.
പത്താൻകോട്ട് ആക്രമണത്തോടെ ജനുവരി 15 നു നടത്താനിരുന്ന ഇന്ത്യ-പാക് സെക്രട്ടറിതല ചർച്ച മാറ്റിവെച്ചു. എന്നാൽ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്താന്‍റെ ഉപദേഷ്ടാവ് നസീം ഖാനും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കാശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ കോണ്‍ഫെഡറേഷനായ യുനൈറ്റഡ് ജിഹാദി കൗണ്‍സിൽ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 1994ൽ രൂപീകരിച്ച കൗണ്‍സിലിൽ ഒരു ഡസൻ തീവ്രവാദി സംഘടനകളുണ്ട്. ഐ.എസ്.ഐയാണ് ഇവരെ ഏകോപിപ്പിക്കുന്നതത്രെ.
യുനൈറ്റഡ് ജിഹാദി കൗണ്‍സിൽ ഉത്തരവാദിത്തം ഏറ്റെങ്കിലും ജയ്‌ഷെ മുഹമ്മദ് ആണ് ഭീകരാക്രമണത്തിന്‍റെ പിന്നിലെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story