ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയിൽ
text_fieldsമുംബൈ: ലോകത്തിലെ ആദ്യ ചേരി മ്യൂസിയം മുംബൈയിലെ ധാരാവിയിൽ സജ്ജമാവുന്നു. ഡിസൈൻ മ്യൂസിയം ധാരാവി എന്നാണ് പേരിട്ടിരിക്കുന്നത്. ഫെബ്രുവരിയിൽ തുറക്കുന്ന മൊബൈൽ മ്യൂസിയത്തിൽ മുംബൈയിലെ ചേരികളിൽ നിർമിക്കുന്ന മൺപാത്രങ്ങൾ, തുണിത്തരങ്ങൾ, പാഴ്വസ്തുക്കളിൽ നിന്നും നിർമിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങിയ വിവിധ വസ്തുക്കൾ പ്രദർശിപ്പിക്കും. ചേരി നിവാസികളുടെ കഴിവുകളും പ്രതിഭാ വൈശിഷ്ട്യവും പ്രദർശിപ്പിച്ച് ചേരികളെക്കുറിച്ച് ജനങ്ങൾക്കുള്ള ധാരണ മാറ്റിയെടുക്കുകയാണ് മ്യൂസിയം സ്ഥാപകരുടെ ലക്ഷ്യം.
ലോകത്ത് ചേരിയിൽ സ്ഥാപിക്കുന്ന ആദ്യ മ്യൂസിയമായിരിക്കും ഇതെന്ന് സംരഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സ്പാനിഷ് കലാകാരൻ ജോർജ് റൂബിയോ പറഞ്ഞു. പത്തു ലക്ഷത്തിലധികം ജനങ്ങളാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ താമസിക്കുന്നത്. പാഴ്വസ്തുക്കളിൽ നിന്നും നഗര അവശിഷ്ടങ്ങളിൽ നിന്നും പുതിയ ഉൽപന്നങ്ങൾ നിർമിക്കുന്ന ചെറുകിട നിർമാണ കേന്ദ്രങ്ങളിലാണ് ഇവരിൽ അധികപേരും ജോലി ചെയ്യുന്നത്.
സ്ലംഡോഗ് മില്യനെയർ എന്ന ചിത്രത്തിന് ലോകശ്രദ്ധ ലഭിച്ചതോടെ ധാരാവി ചേരിയിലെ ചെറുകിട നിർമാണ കേന്ദ്രങ്ങളിലേക്ക് നിരവധി വിദേശ സഞ്ചാരികളാണ് എത്തുന്നത്. കഴിഞ്ഞ വർഷം ധാരാവി ചേരി ബിനാലെക്കും വേദിയായിരുന്നു. മുംബൈ നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളം ചേരികളിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.