ചന്ദ്രബോസ് വധം; വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിസാം സുപ്രീംകോടതിയില്‍
text_fieldsതൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ അന്തിമ വാദം തുടങ്ങി. പ്രോസിക്യൂഷന്‍ പ്രാരംഭ വാദം പൂര്‍ത്തിയാക്കി. ഹൈകോടതി നിര്‍ദേശമനുസരിച്ച് അന്വേഷണോദ്യോഗസ്ഥരുടെ രേഖാ പരിശോധനയുടെ പേരില്‍ വാദം തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന പ്രതിഭാഗം ആവശ്യം കോടതി തള്ളി.
സാക്ഷിമൊഴികളും 66 രേഖകളും 24 തൊണ്ടിമുതലുകളും പ്രതി കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കുന്നതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനു വാദിച്ചു. സാക്ഷിമൊഴികള്‍ തെളിവായി കണക്കാക്കാമെന്ന് വ്യക്തമാക്കുന്ന ആറ് സുപ്രീംകോടതി വിധിപ്പകര്‍പ്പുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വാദം തുടങ്ങാനാണ് വിചാരണകോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍, മാധ്യമ പ്രതിനിധികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈകോടതിയില്‍ ഹരജി നല്‍കി. ആവശ്യം തള്ളിയ ഹൈകോടതി അന്വേഷണോദ്യോഗസ്ഥരുടെ സ്റ്റേഷന്‍ ജനറല്‍ ഡയറി, വെഹിക്കിള്‍ ഡയറി, നോട്ട്ബുക്, വീക്ക്ലി ഡയറി എന്നിവ പരിശോധിക്കാന്‍ അനുവദിച്ചു. കേസ് അന്വേഷിച്ച പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിന്‍െറ തെളിവ് അടയാളപ്പെടുത്തല്‍ ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ട് 4.50 വരെ തുടര്‍ന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് അന്നത്തെ എസ്.ഐ ടി. സുധാകരനാണ്. എന്നാല്‍, നിലവിലെ എസ്.ഐ രാകേഷിനെ വിസ്തരിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. താന്‍ അക്കാലത്ത് സ്റ്റേഷന്‍ ചുമതലയിലോ സ്റ്റേഷനിലോ ഉണ്ടായിരുന്നില്ളെന്ന് എസ്.ഐ കോടതിയെ അറിയിച്ചു. ഹൈകോടതി ഉത്തരവ് പ്രകാരം ഹാജരാക്കിയ രേഖകളിലെ സംശയ ദൂരീകരണമല്ലാതെ മറ്റൊന്നും ചോദിക്കരുതെന്ന് കോടതി പ്രതിഭാഗത്തെ ഓര്‍മിപ്പിച്ചു. വീണ്ടും ചോദ്യങ്ങളിലേക്ക് കടന്നതോടെ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ സി.ഐയുടെ മൊഴിയെടുക്കുന്നതിനിടെ പ്രതിഭാഗം വിസ്താരത്തിലേക്ക് കടന്നതിനെ ചൊല്ലിയും ഇരുഭാഗവും തമ്മില്‍ വാഗ്വാദമുണ്ടായി. പ്രോസിക്യൂഷന്‍ പ്രാരംഭ വാദം പൂര്‍ത്തീകരിച്ചപ്പോഴും വാദം മാറ്റിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വ്യാഴാഴ്ച പ്രതിഭാഗം വാദം തുടങ്ങണമെന്നും ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇതിനിടെ, വിചാരണ കാലാവധി മൂന്നുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ സുപ്രീംകോടതി നിസാമിന്‍െറ ജാമ്യാപേക്ഷ തള്ളുകയും ഈമാസം 31നകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.