പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ സംഘർഷം; വിദ്യാർഥികൾക്ക് നേരെ ലാത്തിചാർജ്
text_fieldsപുണെ: ഗജേന്ദ്ര ചൗഹാന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കാനിരിക്കെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ സംഘർഷം. ചൗഹാന്‍ ചുമതലയേൽക്കുന്നതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി വീശി. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നാല് മലയാളികളടക്കം 30 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ന് രാവിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ മറ്റ് അംഗങ്ങളോടൊപ്പം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ എത്തിയ ഗജേന്ദ്ര ചൗഹാന്‍ ഒാഫീസിൽ നടന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രകോപനം സൃഷ്ടിക്കുന്ന നടപടികളാണ് വ്യാഴാഴ്ച മുതൽ പൊലീസ് നടത്തിയിരുന്നത്. വിദ്യാർഥികൾ ക്യാമ്പസിൽ പതിപ്പിച്ച പോസ്റ്ററുകൾ പൊലിസ് നീക്കം ചെയ്തു. ഇതേതുടർന്ന് ചൗഹാനെതിരെ വീണ്ടും സമരക്കാർ പോസ്റ്ററുകൾ പതിച്ചു.
പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) ചെയർമാനായി ടെലിവിഷന്‍ താരം ഗജേന്ദ്ര ചൗഹാന്‍ നിയമിതനായി ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ചുമതലയേല്‍ക്കുന്നത്. ചൗഹാന്‍റെ നിയമനത്തിനെതിരെ വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കിയിരുന്നു. ജൂണ്‍ 12ന് തുടങ്ങിയ സമരം 139 ദിവസം നീണ്ടുനിന്നു. 11 തവണ ചർച്ച നടത്തിയെങ്കിലും വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറായില്ല.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ ഘെരാവോ ചെയ്ത കേസില്‍ അറസ്റ്റിലായ 17 വിദ്യാര്‍ഥികളോട് വ്യാഴാഴ്ച ചൗഹാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അച്ചടക്കം പാലിക്കണമെന്ന് പൊലീസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.