Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയ താഴ് വരയിലെ...

രാഷ്ട്രീയ താഴ് വരയിലെ അതികായന്‍

text_fields
bookmark_border
രാഷ്ട്രീയ താഴ് വരയിലെ അതികായന്‍
cancel

മുഫ്തി മുഹമ്മദ് സഈദ് എന്ന അതികായനായ രാഷ്ട്രീയ നേതാവ് വിടപറയുമ്പോള്‍ ഓര്‍ക്കാന്‍ നിരവധി ചരിത്രസന്ധികള്‍ സ്വാഭാവികം. രാജ്യത്തെ തന്നെ ഏറ്റവും പ്രശ്ന കലുഷിതമായ സംസ്ഥാനങ്ങളില്‍ ഒന്നായ ജമ്മു കശ്മീരിന്‍റെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലത്തില്‍  അത്രതന്നെ സങ്കീര്‍ണമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതവും. മിടുക്കനായ ഒരു അഭിഭാഷകനില്‍ നിന്ന്  രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രി പദത്തിലേക്കുവരെ എത്തിച്ചേര്‍ന്ന ആറു ദശകങ്ങളില്‍ നിരവധി ഉള്‍പിരിവുകളിലൂടെയാണ് മുഫ്തി സഈദ് സഞ്ചരിച്ചത്. കോണ്‍ഗ്രസിലെ ഫാറൂഖ് അബ്ദുല്ലയുടെ മുഖ്യ എതിരാളിയായി ഉയര്‍ന്നുവന്നതടക്കം അതീവ നിര്‍ണായകമായ സംഭവ വികാസങ്ങള്‍. 

ജനുവരി പന്ത്രണ്ടാം തിയ്യതി 80 വയസ്സു തികയാന്‍ ഇരിക്കവെയായിരുന്നുആ മരണം. 1936 ജനുവരി 12ന് ബിജ്ബെഹ്റയിലെ ബാബ മൊഹല്ലയില്‍ ജനിച്ചു. സാധാരണ സ്കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. ശ്രീനഗറിലെ എസ്.പി കോളജില്‍ നിന്ന് ബിരുദം നേടി. അലിഗഢ് മുസ് ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും  അറബ് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സ്വതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ മുസ്ലിം ആഭ്യന്തര മന്ത്രിയായിരുന്നു സഈദ്. അതിനുശേഷമാണ് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായത്. രണ്ട് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ചു. രണ്ടാമത്തേതിന് ബി.ജെ.പിയുമായുള്ള സഖ്യസര്‍ക്കാര്‍ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇത്തരമൊരു സഖ്യം സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. 

തീവ്രവാദികളില്‍ നിന്നുള്ള ഭീഷണികളെ പോലും അതിജീവിക്കാന്‍ അദ്ദേഹത്തിനായി. വിഘടനവാദികളെ ഒരു മൂലക്ക് ഒതുക്കി നിര്‍ത്താനും. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സഈദിന്‍റെ മൂന്നാമത്തെ മകളായ റുബയ്യയെ തട്ടിക്കൊണ്ടു പോവുക വരെയുണ്ടായി. റുബയ്യയെ വിട്ടു നല്‍കണമെങ്കില്‍ തങ്ങളുടെ അഞ്ചുപേരെ മോചിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചതോടെയാണ് മകളെ അദ്ദേഹത്തിന് തിരിച്ചു കിട്ടിയത്. 1950കളുടെ അവസാനത്തില്‍ ജി.എം സാദിഖ് രൂപീകരിച്ച ഡെമോക്രാറ്റിക് നാഷണല്‍ കോണ്‍ഫറന്‍സിലൂടെയാണ് രാഷ്ട്രീയ അരങ്ങേറ്റം. യുവ അഭിഭാഷകന്‍റെ കഴിവ് തിരിച്ചറിഞ്ഞ സാദിഖ് അദ്ദേഹത്തെ പാര്‍ട്ടിയുടെ ജില്ലാ കണ്‍വീനര്‍ ആക്കി. 1962ല്‍ ബിജ്ബെഹറ മണ്ഡലത്തില്‍ നിന്നും കശ്മീര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് അദ്ദേഹത്തെ ഉപ മുഖ്യമന്ത്രിയാക്കി.

എന്നാല്‍, പിന്നീട് ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കു കടന്ന അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നല്ലൊരു സംഘാടകനും ഭരണാധികാരിയുമെന്ന നിലയില്‍ ആ മാറ്റത്തിന്‍റെ കാലത്തിലാണ് അദ്ദേഹത്തിന് മറ്റൊരു തിരിച്ചറിവ് ഉണ്ടാവുന്നത്. കശ്മീര്‍ താഴ് വരയില്‍ കോണ്‍ഗ്രസ് മാത്രം പോരാ എന്നതായിരുന്നു അത്. പുതിയ പാര്‍ട്ടിക്കുള്ള ആലോചന തുടരവെ തന്നെ അദ്ദേഹം കോണ്‍ഗ്രസിന്‍റെ വളര്‍ച്ചക്കുവേണ്ടി താഴ് വരയുടെ പോക്കറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരുന്നു. 1972ല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി. എന്നാല്‍, 1977ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭരണ പാര്‍ട്ടിയായ ശൈഖ് മുഹമ്മദ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ സംസ്ഥാന ഭരണം ആദ്യമായി ഗവര്‍ണറുടെ കീഴിലായി. ഇതില്‍ സഈദിന്‍റെ പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന അസംബ്ളി തെരഞ്ഞെടുപ്പ് സഈദിന്‍റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. നാഷണല്‍ കോണ്‍ഫറന്‍സ് വീണ്ടും അധികാരത്തിലേറി. എന്നാല്‍, തന്‍റെ രാഷ്ട്രീയ ലക്ഷ്യം നിറവേറുന്നതുവരെ അദ്ദേഹം അടങ്ങിയിരുന്നില്ല. 1986ലും സംസ്ഥാനത്ത് ഗവര്‍ണറുടെ ഭരണം കൊണ്ട് വരുന്നതില്‍ സഈദിന്‍റെ പങ്ക് നിര്‍ണായകമായിരുന്നു. 

മേഖലയില്‍ തീവ്രവാദം ശക്തിപ്പെട്ട 1990കളില്‍ വി.പി സിങ് സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയായി അദ്ദേഹം. ഇടക്കാലത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് കടന്ന സഈദ് പി.വി നരസിംഹറാവു സര്‍ക്കാറിന്‍റെ കാലത്ത് വീണ്ടും അതിലേക്ക് മടങ്ങി. മകള്‍ മെഹബൂബ മുഫ്തിയെയും ചേര്‍ത്തു പിടിച്ചു കൊണ്ടായിരുന്നു ഇത്. 1996ല്‍ മെഹബൂബ കോണ്‍ഗ്രസ് എം.എല്‍.എ ആയി. 1999ല്‍ അദ്ദേഹം പി.ഡി.പി എന്ന പാര്‍ട്ടി രൂപീകരിക്കുന്നതുവരെ കോണ്‍ഗ്രസിന്‍െറ ഭാഗമായി തന്നെ തുടര്‍ന്നു പോന്നു. 2002 നവംബര്‍ 2 ന് സംസ്ഥാനത്തിന്‍റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സഈദ് സത്യപ്രതിജ്ഞ ചെയ്തു. ദീര്‍ഘനാളത്തെ തന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കി.  ഈ കാലയളവിലൊക്കത്തെന്നെയും  കേന്ദ്രവുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ സഈദ് ശ്രമിച്ചുപോന്നു. ബി.ജെ.പിയെ കൂട്ടുപിടിച്ച് 2015ല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോഴും ജമ്മു കശ്മീരിന്‍റെ ചരിത്രത്തിലെ പുതിയൊരു ഏടാണ് സഈദ് എഴുതിച്ചേര്‍ത്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mufti mohammad sayeedpdpjammu and kashmir
Next Story