തിരുനെല്‍വേലിക്കടുത്ത് ബസ് അപകടം; അഞ്ചു മലയാളികളടക്കം ഒമ്പതു മരണം
text_fieldsനാഗര്‍കോവില്‍: തിരുനെല്‍വേലി വള്ളിയൂരിനുസമീപം നിയന്ത്രണംവിട്ട വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് ഒമ്പത് യാത്രക്കാര്‍ മരിച്ചു. മരിച്ചവരില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മലയാളികളാണ്. വേളാങ്കണ്ണിയില്‍നിന്ന് മടങ്ങിയ ബസാണ ് അപകടത്തില്‍പെട്ടത്. 20 മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വലിയതുറ വലിയതോപ്പ് ലിയ കോട്ടേജില്‍ ലോറന്‍സ്-ലീലാ ലോറന്‍സ് ദമ്പതികളുടെ മകന്‍ വിനോദ് (32), ഭാര്യ കൊച്ചുതോപ്പ് ഫാത്തിമ മാതാ പള്ളിക്കുസമീപം ആന്‍സി ഹൗസില്‍ ബാസ്റ്റിന്‍-മേരി ദമ്പതികളുടെ മകള്‍ ആന്‍സി (26), കൊച്ചുതുറ ഇടത്തുറ പുരയിടത്തില്‍ ലിയോ-സെല്‍ബറി ദമ്പതികളുടെ മകന്‍ സുജി (ആറ്), കൊല്ലം മൂതാക്കര ബിജു സദനത്തില്‍ ബിജു മുത്തുനായകത്തിന്‍െറ ഭാര്യ മേരി ലിഷ (33), മകന്‍ ഒന്നരവയസ്സുകാരന്‍ അല്‍റോയ്, കന്യാകുമാരി തൂത്തൂര്‍ സ്വദേശി ജിമ്മി (33), വെള്ളിയാവിള സ്വദേശി എഡ്വിന്‍ (32), ഗുജറാത്ത് സ്വദേശികളായ അഞ്ജലി (19), ആഞ്ജലിയോ (26) എന്നിവരാണ് മരിച്ചത്. വിനോദും ആന്‍സിയും ജനുവരി രണ്ടിനാണ് വിവാഹിതരായത്.
കന്യാകുമാരി-തിരുനെല്‍വേലി എക്സ്പ്രസ് ഹൈവേയില്‍ വള്ളിയൂര്‍ പ്ളാക്കോട്ടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. പുതുച്ചേരി കാരക്കലില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട തിരുവനന്തപുരം യൂനിവേഴ്സല്‍ ട്രാവല്‍ ഏജന്‍സിയുടെ പ്രതിദിന സര്‍വിസ് ബസാണ് അപകടത്തില്‍പെട്ടത്. ബസ് അമിതവേഗത്തിലായിരുന്നെന്ന് വള്ളിയൂര്‍ ഡിവൈ.എസ്.പി ബാലാജി പറഞ്ഞു. ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസ് മീഡിയനിലൂടെ 20 മീറ്ററോളം നിരങ്ങിനീങ്ങി. യാത്രക്കാര്‍ ഏറെയും ഉറക്കത്തിലായിരുന്നു.
ബസ് മറിഞ്ഞ ആഘാതത്തിലും ബസിനുള്‍ഭാഗം ഞെരിഞ്ഞമര്‍ന്നുമാണ് അധികംപേരും മരിച്ചത്. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലായിരുന്നു. എട്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളജിലുമാണ് മരിച്ചത്. ജനവാസം കുറഞ്ഞ സ്ഥലത്തായിരുന്നു അപകടം. സമീപത്തെ പെട്രോള്‍ ബങ്കിലുള്ളവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. നാഗപട്ടണം സ്വദേശി ജോ ബോസ്കോ (39) ആണ് ബസ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിതാണ് അപകട കാരണമെന്നാണ് നിഗമനം. എന്നാല്‍ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി ഡിവൈഡറിലിടിച്ചെന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.