ജെല്ലിക്കെട്ടിന് കേന്ദ്രസർക്കാറിന്‍റെ അനുമതി
text_fieldsന്യൂഡൽഹി: തമിഴ്നാടിന്‍റെ പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് കേന്ദ്രസർക്കാർ അനുമതി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് തമിഴകത്ത് ജെല്ലിക്കെട്ട് നടത്തുന്നത്. അറിയിപ്പ് വന്നയുടനെ തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷം തുടങ്ങി.
കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനാണ് ജെല്ലിക്കെട്ടിന് കേന്ദ്രാനുമതി നൽകിയതായി ആദ്യം ട്വീറ്ററിലൂടെ അറിയിച്ചത്. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ തന്നെ വിളിച്ച് ജെല്ലിക്കെട്ടിന് അനുമതി നൽകി എന്ന വാർത്ത അറിയിക്കുകയായിരുന്നെന്നും പൊൻ രാധാകൃഷ്ണൻ ട്വീറ്റ് ചെയ്തു. ജെല്ലിക്കെട്ട് നടപ്പാക്കുന്നതിന് സഹായിച്ച മന്ത്രി പ്രകാശ് ജാവദേക്കറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വര്‍ഷം ജെല്ലിക്കെട്ടിന് അനുതി ലഭിക്കുമെന്ന് കേന്ദ്രവും ബി.ജെ.പി നേതൃത്വവും നേരത്തെ വ്യക്തമാക്കിയിരുന്നു.
ജെല്ലിക്കെട്ടില്‍ കാളകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി 2014ലാണ് സുപ്രീംകോടതി കായിക വിനോദം തടഞ്ഞത്. മൃഗ സംരക്ഷണ വകുപ്പിന്‍റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇത്തവണത്തെ പൊങ്കലില്‍ ജെല്ലിക്കെട്ട് പുന:സ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം സമരത്തിലായിരുന്നു. മുഖ്യമന്ത്രി ജയലളിത ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കാളകളെ മെരുക്കുന്ന കായിക വിനോദമായ ജെല്ലിക്കെട്ട് തമിഴ് സംസ്കൃതിയുടെ ഭാഗമാണെന്നും മൃഗപീഡനമല്ല മൃഗങ്ങളോടുള്ള ആദരവാണ് ലക്ഷ്യമെന്നുമാണ് ഇതിനായി നിലകൊള്ളുന്നവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.