എഫ്.സി.ഐ തൊഴിലാളികള്‍ക്ക് രാഷ്ട്രപതിയേക്കാള്‍ ശമ്പളമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: രാഷ്ട്രപതിയേക്കാള്‍ ശമ്പളം കിട്ടുന്ന ഡിപ്പാര്‍ട്മെന്‍റല്‍ തൊഴിലാളികളുള്ള വിധത്തില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ) ഗുരുതരമായ ചില തെറ്റുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി. 370 തൊഴിലാളികള്‍ ഇവിടെ പ്രതിമാസം 4.5 ലക്ഷം രൂപയാണ് വാങ്ങുന്നതെന്നും ഇത് രാഷ്ട്രപതിക്ക് കിട്ടുന്നതിനേക്കാള്‍ പോലും വളരെ കൂടുതലാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് ആര്‍. ബാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. എഫ്.സി.ഐ ചിലര്‍ക്ക് പൊന്മുട്ടയിടുന്ന താറാവായി മാറിയിരിക്കുകയാണെന്നും തൊഴിലാളികള്‍ക്കും യൂനിയനുകള്‍ക്കും മോചനദ്രവ്യം കൊടുക്കുന്ന അവസ്ഥയാണെന്നും കോടതി വിമര്‍ശിച്ചു. തൊഴിലാളികള്‍ക്ക് 1800 കോടി രൂപ ശമ്പളയിനത്തില്‍ നല്‍കുന്ന എഫ്.സി.ഐ നടപടി അനുവദിക്കാവുന്നതല്ളെന്ന ഉന്നതതല സമിതി റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ഈ 370 പേരെ കൂടാതെ ശരാശരി 80,000 രൂപ പ്രതിഫലം കിട്ടുന്ന ഡിപ്പാര്‍ട്മെന്‍റല്‍ തൊഴിലാളികളും ഇവിടെയുണ്ട്. ഇതേ ജോലിചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് 10,000 രൂപ മാത്രമാണ് കിട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ശരാശരി 80,000 രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നതെന്ന് എഫ്.സി.ഐയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ധാന്യങ്ങള്‍ കയറ്റുകയും ഇറക്കുകയും മാത്രം ചെയ്യുന്നതിന് എങ്ങനെയാണ് ഇത്രയധികം കൂലി കൊടുക്കുന്നതെന്ന് കോടതി ചോദിച്ചു.
എഫ്.സി.ഐയില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുംബൈ ഹൈകോടതി സ്വമേധയാ സ്വീകരിച്ച നടപടിക്കെതിരെ തൊഴിലാളി യൂനിയന്‍ നല്‍കിയ അപ്പീലിലെ വാദത്തിനിടെയാണ് പരാമര്‍ശം. സര്‍ക്കാര്‍ നിയമിച്ച ഉന്നതതല സമിതിയുടെ ശിപാര്‍ശകളില്‍ നടപടിയെടുക്കുന്നില്ളെങ്കില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയമിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ബോംബെ ഹൈകോടതി ഉത്തരവില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. 2014 ആഗസ്റ്റിലെ കണക്കനുസരിച്ച് ഇന്‍സെന്‍റിവുകളും അരിയേഴ്സും ഓവര്‍ടൈം അലവന്‍സുമുള്‍പ്പെടെ 370 തൊഴിലാളികള്‍ നാലു ലക്ഷം വേതനം പറ്റിയപ്പോള്‍ മറ്റ് 386 പേര്‍ക്ക് 2-2.50 ലക്ഷം രൂപയാണ് ലഭിച്ചത്. ധാന്യങ്ങളുടെ സംഭരണവും ഗതാഗതവും കൈകാര്യം ചെയ്യുന്ന മറ്റ് 6000 പേര്‍ക്ക് 50,000 മുതല്‍ ലക്ഷം രൂപ വരെയാണ് കിട്ടിയത്. 7000-8000 രൂപക്ക് കൂലിക്കാരെ നിയമിച്ചാണ് ഉയര്‍ന്ന വേതനം ലഭിക്കുന്ന പലരും തങ്ങളുടെ ജോലി ചെയ്യിക്കുന്നതെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.