കേന്ദ്രവിജ്ഞാപനം ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നെന്ന് ആക്ഷേപം
text_fieldsകോയമ്പത്തൂര്‍: സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കെ ജെല്ലിക്കെട്ടിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രമായിരുന്നെന്ന് ആക്ഷേപം. 2014 മേയില്‍ സുപ്രിംകോടതി ജെല്ലിക്കെട്ടിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല, ഇതുസംബന്ധിച്ച കേസില്‍ വിചാരണ തുടരുകയുമാണ്.
തമിഴ്നാട് സര്‍ക്കാറും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതിയെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തമിഴക രാഷ്ട്രീയ കക്ഷികളുടെ കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് മൃഗക്ഷേമ സംഘടനകളുടെ എതിര്‍പ്പ് മറികടന്നും കേന്ദ്രം അനുമതി നല്‍കിയത്. നടപടി കോടതിയലക്ഷ്യമാണെന്ന് മൃഗക്ഷേമബോര്‍ഡും മറ്റ് മൃഗസ്നേഹി സംഘടനകളും കോടതിയെ ബോധിപ്പിച്ചിരുന്നു. സുപ്രിംകോടതി നിരോധത്തെ തുടര്‍ന്ന് 2014ലും ജെല്ലിക്കെട്ട് നടന്നിരുന്നില്ല.
കഴിഞ്ഞവര്‍ഷം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായതുമില്ല. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നതിനാല്‍ ഉത്തരവിറക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പൊങ്കലിന് ഒരാഴ്ച മുമ്പ് മാത്രമാണ് കേന്ദ്ര ഉത്തരവ് ഇറങ്ങിയത്. ജെല്ലിക്കെട്ടിന് അനുമതി നല്‍കിയതിനെ മുഴുവന്‍ രാഷ്ട്രീയകക്ഷികളും സ്വാഗതം ചെയ്തിരുന്നു. കേന്ദ്ര വിജ്ഞാപനം രാഷ്ട്രീയ നേട്ടമായാണ് തമിഴ്നാട് ബി.ജെ.പി ഘടകം ഉയര്‍ത്തിക്കാണിച്ചത്.
ചൊവ്വാഴ്ച സുപ്രിംകോടതി ഉത്തരവ് വന്നതോടെ മധുര ജില്ലയിലെ അവനിയാപുരം, പാലമേട്, അലങ്കാനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ജയലളിതയുടെയും പടങ്ങള്‍ ജെല്ലിക്കെട്ട് പ്രേമികള്‍ വലിച്ചുകീറി. കേന്ദ്രവിജ്ഞാപനം രാഷ്ട്രീയനാടകത്തിന്‍െറ ഭാഗമാണെന്നും ഇവര്‍ ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് കേന്ദ്രം പ്രത്യേക ഓഡിനന്‍സിറക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.