അലീഗഢിന് ന്യൂനപക്ഷ പദവി വേണ്ട -കേന്ദ്ര സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്ക് എതിരാണ് തങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. അലീഗഢ് മുസ്ലിം സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമെന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ളെന്നും അറ്റോണി ജനറല്‍ മുകുല്‍ റോത്തഗി അറിയിച്ചു. അലീഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ ജെ.എസ്. ഖേഹര്‍, എം.വൈ. ഇഖ്ബാല്‍, സി. നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെയാണ് മുന്‍ സര്‍ക്കാറിന് വിരുദ്ധമായ നിലപാട് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ നിലപാടുമാറ്റം കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതുകൊണ്ടാണോയെന്ന് സുപ്രീംകോടതി ചോദിച്ചു.
അലീഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ല എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. രാജ്യത്തിന്‍െറ എക്സിക്യൂട്ടിവ് എന്ന നിലയില്‍ മതേതര രാജ്യത്ത് ന്യൂനപക്ഷ സ്ഥാപനമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ളെന്നും റോത്തഗി വാദിച്ചു. മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ മുസ്ലിം സംവരണം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്ന് റോത്തഗി കോടതിയോട് പറഞ്ഞു.
1967ലെ അസീസ് ബാഷ കേസ് വിധിയാണിപ്പോഴും നല്ലതെന്നും അലീഗഢിനെ ന്യൂനപക്ഷ സ്ഥാപനമായി പരിഗണിക്കാനാവില്ളെന്നും അറ്റോണി വാദിച്ചപ്പോള്‍ ജസ്റ്റിസ് എം.വൈ. ഇഖ്്ബാല്‍ ഇടപെട്ടു. ഈ നിലപാട് മാറ്റം കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതുകൊണ്ടാണോയെന്ന് അദ്ദേഹം ചോദിച്ചു. മുന്‍ സര്‍ക്കാറിന്‍െറ നിലപാട് തെറ്റാണെന്നായിരുന്നു റോത്തഗിയുടെ മറുപടി. അലഹബാദ് ഹൈകോടതിക്കെതിരെയുള്ള അപ്പീലുമായി സര്‍വകലാശാല മുന്നോട്ടുപോകുകയാണെങ്കില്‍ പോകട്ടെയെന്നും റോത്തഗി കൂട്ടിച്ചേര്‍ത്തു.
ഇതിനെ ചോദ്യംചെയ്ത അലീഗഢ് സര്‍വകലാശാല അഭിഭാഷകന്‍ അഡ്വ. പി.പി. റാവു, പാര്‍ലമെന്‍റ് പാസാക്കിയ നിയമം നല്ലതല്ളെന്ന് എങ്ങനെയാണ് സര്‍ക്കാറിന് പറയാന്‍ കഴിയുകയെന്ന് ചോദിച്ചു. അലീഗഢ് ന്യൂനപക്ഷ സ്ഥാപനമായിതന്നെ തുടരുമെന്ന് വ്യക്തമാക്കിയ റാവു 1967ലെ ബാഷ കേസിലെ വിധി വലിയ ബെഞ്ചിന്‍െറ പരിഗണനക്ക് വിടണമെന്നും ആവശ്യപ്പെട്ടു.
1920ലെ നിയമനിര്‍മാണത്തിലൂടെയാണ് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ളോ ഓറിയന്‍റല്‍ കോളജ് ഇല്ലാതാക്കി അത് അലീഗഢ് മുസ്ലിം സര്‍വകലാശാലയായി മാറിയത്. 1951ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമഭേദഗതിയിലൂടെയാണ് അലീഗഢിലെ നിര്‍ബന്ധ മതപഠനമില്ലാതാക്കിയത്. ഈ നിയമഭേദഗതിയോടെ അലീഗഢ് കോര്‍ട്ടില്‍ മുസ്ലിംകളല്ലാത്തവര്‍ക്ക് അംഗത്വത്തിനും വഴിയൊരുങ്ങി. 1966ല്‍ പാര്‍ലമെന്‍റ് വീണ്ടും പാസാക്കിയ ഭേദഗതി സമൂലമായ മാറ്റങ്ങളാണ് അലീഗഢിന്‍െറ നടത്തിപ്പിലുണ്ടാക്കിയത്.
ഇതിനെതിരെ എസ്. അസീസ് ബാഷ സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രീംകോടതി, അലീഗഢ് മുസ്ലിം സര്‍വകലാശാല മുസ്ലിംകള്‍ സ്ഥാപിച്ചതല്ളെന്നും പാര്‍ലമെന്‍റിന്‍െറ നിയമനിര്‍മാണത്തിലൂടെ സ്ഥാപിതമായതാണെന്നും വിധിച്ചു. തുടര്‍ന്ന്, 1972ല്‍ വീണ്ടും ഭേദഗതികള്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ അക്കാദമിക്, എക്സിക്യൂട്ടിവ് കൗണ്‍സിലുകളുടെ ഘടനകളും ഉടച്ചുവാര്‍ത്തു. ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ സാംസ്കാരിക ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളും അലീഗഢ് നിയമത്തില്‍ 1981ല്‍ പാര്‍ലമെന്‍റ് ഉള്‍ക്കൊള്ളിച്ചു. ഇതിനെ ആധാരമാക്കി 2004ല്‍ 50 ശതമാനം പി.ജി മെഡിക്കല്‍ സീറ്റുകള്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തതോടെയാണ് നിയമയുദ്ധം തുടങ്ങിയത്.
1967ലെ ബാഷ കേസിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനം റദ്ദാക്കിയ അലഹബാദ് ഹൈകോടതി മുസ്ലിംകള്‍ക്കുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. ഈ വിധി ചോദ്യം ചെയ്ത് അലീഗഢ് മുസ്ലിം സര്‍വകലാശാലയും കേന്ദ്ര സര്‍ക്കാറും നല്‍കിയ അപ്പീലിലാണ് മോദി സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.