ശബരിമല: ഭീഷണി സന്ദേശം ലഭിച്ച അഭിഭാഷകന് സുരക്ഷ ഉറപ്പാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശ വിഷയത്തിൽ ഭീഷണി സന്ദേശം ലഭിച്ച അഭിഭാഷകന് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. അഭിഭാഷകന് സുരക്ഷ വർധിപ്പിക്കുന്ന കാര്യം ഡൽഹി പൊലീസ് പരിഗണിക്കണം. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
അഭിഭാഷകരുടെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ആരാഞ്ഞ് ഡൽഹി പൊലീസ് കമീഷണർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. നടപടി വിശദീകരിച്ച് പൊലീസ് കമീഷണർ വിശദമായ റിപ്പോർട്ട് നൽകണം. ഇക്കാര്യം ഫെബ്രുവരി എട്ടിനകം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ലിംഗസമത്വത്തിനുള്ള പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിക്കുന്നതെന്നും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ നിയന്ത്രിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അപേക്ഷ സുപ്രീംകോടതി തള്ളി.
സ്ത്രീകളുടെ ശബരിമല പ്രവേശ വിഷയത്തിൽ ഹരജിക്കാരനും അഭിഭാഷക സംഘടന ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്‍റുമായ നൗഷാദ് അഹമ്മദ് ഖാനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് വിഷയം ശബരിമല ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ ശ്രദ്ധയിൽ ലോയേഴ്സ് അസോസിയേഷൻ കൊണ്ടുവന്നു.
ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയ വിഷയം ഗൗരവതരമാണെന്നും കേസിൽ നിന്ന് ഹരജിക്കാരൻ പിന്മാറിയാൽ പകരം അമിക്കസ് ക്യൂറിയെ നിയോഗിച്ചു കൊണ്ട് കേസ് തുടരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ചാണ് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. 1991ല്‍ ഹൈകോടതി സ്ത്രീകളുടെ ശബരിമല പ്രവേശത്തിനെതിരെ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.