പുകയില പരസ്യം: താരങ്ങൾ വിട്ടുനിൽക്കണമെന്ന് കെജ് രിവാൾ
text_fieldsന്യൂഡൽഹി: പുകയിലയുടെയും പുകയില ഉൽപന്നങ്ങളുടെയും പരസ്യങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന് അഭ്യർഥിച്ച് ബോളിവുഡ് താരങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കത്തയച്ചു. സിനിമ താരങ്ങളായ ഷാറൂഖ് ഖാൻ, അജയ് ദേവ്ഗൻ, സെയ്ഫ് അലി ഖാൻ, ഗോവിന്ദ, അർബാസ് ഖാൻ, സണ്ണി ലിയോൺ എന്നിവർക്കാണ് കെജ്‍രിവാൾ കത്തയച്ചത്. താരങ്ങൾ പുകയില വിരുദ്ധ പ്രചാരണങ്ങളിൽ പങ്കാളിയാവണമെന്നും കെജ്‍രിവാൾ കത്തിൽ ആവശ്യപ്പെടുന്നു.
പാൻ മസാലകളെയും അനുബന്ധ ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ നിരവധി താരങ്ങളെ ടെലിവിഷനിൽ കണ്ടിട്ടുണ്ട്. കമ്പനികൾ ഉൽപന്നങ്ങളുടെ വിപണി കൂട്ടാനാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നത്. പുകയില വിരുദ്ധ പ്രചാരണങ്ങളിലൂടെ വായിലുണ്ടാവുന്ന അർബുദത്തെ തുടർന്നുള്ള മരണം കുറക്കാൻ സാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കെജ് രിവാൾ സർക്കാറിന്‍റെ ആവശ്യത്തോട് അനുകൂലമായാണ് ബോളിവുഡ് താരം സണ്ണി ലിയോൺ പ്രതികരിച്ചത്. ഭാവിയിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ സണ്ണി അഭിനയിക്കില്ല. പൊതു ജനാരോഗ്യ വിഷയത്തിൽ ഡൽഹി സർക്കാറുമായി സഹകരിക്കാൻ തയാറാണെന്ന് സണ്ണി ലിയോണിന് വേണ്ടി ഭർത്താവ് ഡാനിയേൽ വെബർ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്.കെ അറോറയെ അറിയിച്ചു.
വലിയ പുകവലിക്കാരായ ഷാരൂഖ് ഖാനും അജയ് ദേവ്ഗണും കെജ് രിവാളിന്‍റെ അഭ്യർഥനയോട് ഇവരുടെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.