പത്താന്‍കോട്ട് ആക്രമണം: കൊല്ലപ്പെട്ടവരില്‍ രണ്ടു ഭീകരര്‍ അകത്തുനിന്നുള്ളവരാകാമെന്ന് എന്‍.ഐ.എ
text_fields
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവള ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറു ഭീകരരില്‍ രണ്ടുപേര്‍ അകത്തുനിന്നുള്ളവരാകാമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. അടുത്ത ആഴ്ച ലഭിക്കുന്ന ഭീകരരുടെ ഫോറന്‍സിക് പരിശോധനാ രേഖകളും ആക്രമണം നടന്നിടത്തുനിന്ന് ലഭിച്ച ഫോണും പരിശോധിക്കുന്നതോടെ കാര്യങ്ങള്‍ വ്യക്തമാവുമെന്നും ഉദ്യോഗസ്ഥര്‍ ‘ഇകണോമിക് ടൈംസി’നോട് പറഞ്ഞു.
സൈന്യത്തിന്‍െറ പ്രത്യാക്രമണത്തില്‍ ആറു ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ നാലുപേര്‍ മാത്രമാണ് പാകിസ്താനില്‍നിന്ന് പഞ്ചാബ് അതിര്‍ത്തി കടന്നത്തെിയത്. ഇവര്‍ ജയ്ശെ മുഹമ്മദ് ഭീകരരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ കുറിച്ച് ഒരു വിവരവുമില്ല. ഭീകരര്‍ ഉപയോഗിച്ച നാല് എ.കെ 47 തോക്ക് മാത്രമാണ് ആക്രമണസ്ഥലത്തുനിന്ന് ലഭിച്ചതെന്നത് സംശയം കൂട്ടുന്നുണ്ട്.
ഭീകരര്‍ക്ക് അകത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചെന്ന് സംശയം തോന്നിയ സാഹചര്യത്തില്‍ വ്യോമതാവളത്തിലും പ്രദേശവാസികള്‍ക്കിടയിലും സൂക്ഷ്മ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജീവനക്കാരുടെ കുടുംബാംഗങ്ങളടക്കം 3500 പേര്‍ ആക്രമണ സമയത്ത് വ്യോമതാവളത്തിലുണ്ടായിരുന്നു.
കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിശദ വിവരങ്ങള്‍ ലഭിക്കുമെന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ പറഞ്ഞു.
ജനുവരി ഒന്നിന് രാവിലെ 11 അടി ഉയരമുള്ള ചുമര്‍ തുരന്നാണ് നാലു ഭീകരര്‍ വ്യോമതാവളത്തിലത്തെിയത്. ഇവിടെനിന്നാണ് പാകിസ്താനിലുള്ള മാതാവിനെ ഒരു ഭീകരന്‍ ഫോണില്‍ ബന്ധപ്പെട്ടത്. എസ്.പി സല്‍വീന്ദര്‍ സിങ് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വ്യോമസേന സര്‍വേ നടത്തിയതിനെ തുടര്‍ന്നാണ് ഭീകരര്‍ പരിഭ്രാന്തരായതെന്നും എന്‍.ഐ.എ അറിയിച്ചു.
ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്ന സല്‍വീന്ദര്‍ സിങ്ങിനെ കഴിഞ്ഞ ദിവസം നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. സിങ്ങിന്‍െറ പാചകക്കാരന്‍ മദന്‍ ഗോപാലിനെയും സുഹൃത്ത് സോംരാജനെയും നുണപരിശോധനക്ക് വിധേയനാക്കുമെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.