പ്രശസ്ത നർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു
text_fieldsഅഹമദാബാദ്: പ്രശസ്ത നർത്തകി മൃണാളിനി സാരാഭായ് (98) അന്തരിച്ചു. അഹമദാബാദിലെ സ്വവസതിയായ ചിദംബരത്ത് 10.30നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പ്രഗൽഭ ശാസ്ത്രജ്ഞൻ വിക്രം സാരാഭായുടെ ഭാര്യയാണ്. സംസ്‌കാരം വൈകിട്ട് അഞ്ചു മണിക്ക് ഗാന്ധിനഗറിലെ പേട്ടാപ്പുര്‍ ഫാം ഹൗസില്‍ നടക്കും.
പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ അംഗവും സ്വാതന്ത്യ സമരസേനാനിയുമായ അമ്മു സ്വാമിനാഥന്‍റെയും അഭിഭാഷകനായ സ്വാമിനാഥന്‍റെയും മകളായി 1918 മെയ് 11 നാണ് മൃണാളിനി ജനിച്ചത്. ചെന്നൈയിലായിരുന്നു ബാല്യകാലം. പിന്നീട് കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ കീഴില്‍ പഠിച്ചു. അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്‌സിൽ പഠനം പൂർത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മീനാക്ഷി സുന്ദരം പിള്ളയായിരുന്നു ഭരതനാട്യം ഗുരു. തകഴി കുഞ്ചു കുറുപ്പിന്‍റെ കീഴില്‍ കഥകളിയും അഭ്യസിച്ചു.
യാദൃശ്ചികമായി ബാംഗ്ലൂരില്‍വെച്ച് മൃണാളിനിയുടെ നൃത്തം കാണാനിടയായ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് പിന്നീട് ഇവരെ വിവാഹം കഴിച്ചു. വിക്രം സാരാഭായിയുടെ ജന്മനാടായ അഹമദാബാദില്‍ സ്ഥിരതാമസമാക്കിയ മൃണാളിനി, ദര്‍പ്പണ എന്ന പേരില്‍ നൃത്തവിദ്യാലയം ആരംഭിച്ചു. ദര്‍പ്പണ പില്‍ക്കാലത്ത് ലോകം മുഴുവന്‍ പ്രശസ്തിയാർജിച്ചു.
പദ്മശ്രീ (1965), പദ്മഭൂഷണ്‍(1992) പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം മൃണാളിനിയെ ആദരിച്ചിട്ടുണ്ട്. യു.കെയിലെ നോര്‍വിച്ച് സര്‍വലാശാലയുടെ ഡി.ലിറ്റ്, ഫ്രഞ്ച് ആര്‍ക്കൈവ്‌സ് ഇന്‍റര്‍നാഷണലെസ് ദെ ലാ ഡാന്‍സെ അവാര്‍ഡ്, ഇന്‍റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, മെക്‌സിക്കന്‍ സര്‍ക്കാരിന്‍റ ഗോള്‍ഡ് മെഡല്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2014ൽ പ്രവാസി രത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത നടിയും നര്‍ത്തകിയുമായ മല്ലികാ സാരാഭായ്, കാർത്തികേയൻ എന്നിവർ മക്കളാണ്. പ്രമുഖ സ്വാതന്ത്രസമര നായികയും ഐ.എന്‍. എ.യുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.