മണല്‍പാസിന് കറന്‍സി കടലാസ്, മണല്‍വാരല്‍ ലൈസന്‍സിന് ജില്ലാസമിതി
text_fieldsന്യൂഡല്‍ഹി: കൃത്രിമം കാണിക്കാന്‍ കഴിയാത്തതരത്തില്‍ സവിശേഷ ബാര്‍കോഡും വാട്ടര്‍മാര്‍ക്കും ഉള്ള കറന്‍സി അടിക്കുന്ന മേല്‍ത്തരം കടലാസില്‍ മണല്‍പാസുകള്‍ ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. കടത്തുന്ന മണലിന്‍െറ അളവും കടത്തുന്ന സമയവും പാസില്‍ രേഖപ്പെടുത്തണമെന്നും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറത്തുവിട്ട പുതിയ വിജ്ഞാപനം മുഴുവന്‍ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
മണല്‍ അടക്കം നദികളിലെ ലഘുധാതുക്കളുടെ ഖനനത്തിനുള്ള ലൈസന്‍സ് സംവിധാനം പരിഷ്കരിക്കുന്ന വ്യവസ്ഥകള്‍ പുതുക്കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഖനനത്തെ 25 ഹെക്ടറില്‍ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 25 ഹെക്ടറില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ബി ഒന്ന് വിഭാഗത്തില്‍പെടുന്ന പ്രദേശങ്ങളില്‍ സംസ്ഥാനതല സമിതി അംഗീകാരം നല്‍കണം. കൂടാതെ, പരിസ്ഥിതി ആഘാത പഠനവും പൊതുതെളിവെടുപ്പും വേണം. ബി രണ്ട് വിഭാഗത്തില്‍പെടുന്ന അഞ്ചു മുതല്‍ 25 ഹെക്ടര്‍വരെ വിസ്തീര്‍ണമുള്ള പ്രദേശത്തെ ഖനനത്തിന് സംസ്ഥാനതല അംഗീകാരം മാത്രം മതി. അഞ്ചു ഹെക്ടറില്‍ താഴെയുള്ളവക്ക് ജില്ലാതലത്തില്‍ അനുമതി നല്‍കണം. 50 ഹെക്ടറിന് മുകളിലുള്ള ഒറ്റ ക്ളസ്റ്റര്‍ ലൈസന്‍സുകള്‍ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം അനുവദിക്കും. അതിന് ഒരു പരിസ്ഥിതി ആഘാതപഠനവും ഒരു പൊതു തെളിവെടുപ്പും മതിയാകും.
മണ്ണുകൊണ്ടുള്ള കുടില്‍വ്യവസായങ്ങളെയും കൃഷിയിടങ്ങളില്‍ അടിയുന്ന എക്കല്‍ നീക്കുന്നതിനെയും ചട്ടഭേദഗതിയില്‍നിന്ന് ഒഴിവാക്കി. വ്യക്തിപരമായ ഉപയോഗത്തിനും പൊതു ആവശ്യങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് മണ്ണെടുക്കുന്നതിനും പരിസ്ഥിതി അനുമതി ആവശ്യമില്ളെന്നും വിജ്ഞാപനം വ്യക്തമാക്കി. കുളം, വഴി, ബണ്ട് നിര്‍മാണം, അവക്കായി മണ്ണോ ചളിയൊ കുഴിച്ചെടുക്കല്‍, സംരക്ഷണത്തിനായി അണക്കെട്ടുകളിലെയും നദികളിലെയും കനാലുകളിലെയും മണല്‍നീക്കല്‍ എന്നിവക്കും നിയന്ത്രണങ്ങളില്ല. കുടിവെള്ളത്തിനും കിണര്‍ കുഴിക്കാനും തറ നിറക്കാനും പരിസ്ഥിതി അനുമതി വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.