ഹൈദരാബാദ് സർവകലാശാലയിലെ നിരാഹാരസമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsഹൈദരാബാദ്: വിദ്യാർഥിപ്രക്ഷോഭം തുടരുന്ന ഹൈദരാബാദ് സർവകലാശാലയിൽ നിരാഹാരസമരത്തിെൻറ നാലാംനാൾ അവശനിലയിലായ ഏഴുപേരെയും കാമ്പസിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഡോക്ടർമാരെത്തി പരിശോധന നടത്തിയപ്പോൾ ഏഴുപേരുടെയും ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും നിർദേശിച്ചിരുന്നു. ഇത് വകവെക്കാതെ സമരംതുടർന്ന വിദ്യാർഥികളെ വൈകീട്ടോടെ സർവകലാശാല സുരക്ഷാ ഗാർഡുകൾ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മലയാളി ഗവേഷക വിദ്യാർഥിനി വൈഖരി ആര്യാട്ടിെൻറ നില വൈകീട്ടോടെ വഷളായി. ഇതോടെ വൈകീട്ട് 4.30ന് വൈഖരിയെ ആശുപത്രിയിലേക്ക് മാറ്റി. 6.30ഓടെ ബാക്കി ആറുപേരെയും ആശുപത്രിയിലാക്കി. പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന സംശയത്തിൽ വിദ്യാർഥികൾ കൂട്ടമായി രംഗത്തെത്തുകയും പ്രതിഷേധം ഉയർത്തുകയുംചെയ്തു. സമരക്കാരുടെ നിർദേശത്തെ തുടർന്നാണ് പലരും പിരിഞ്ഞുപോയത്. ഇവർക്കുപകരം മറ്റുള്ളവർ നിരാഹാരസമരം തുടരുമെന്ന് ജോയൻറ് ആക്ഷൻ കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാത്രി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ച് മുഴുവൻ വിദ്യാർഥികളും സമരപ്പന്തലിന് മുന്നിലാണുറങ്ങിയത്. ഹൈദരാബാദിൽ അടുത്തിടെ അനുഭവപ്പെട്ടതിൽ ഏറ്റവുംകുറഞ്ഞ 13 ഡിഗ്രി തണുപ്പായിരുന്നു വെള്ളിയാഴ്ച രാത്രി. രാവ് പുലരുവോളം ആ തണുപ്പിലും സമരക്കാർക്ക് ഈർജമേകി വിദ്യാർഥികൾ സമരപ്പന്തലിലിരുന്നു.
അതിനിടെ, വി.സി അപ്പാറാവുവിനെ സ്ഥാനത്തുനിന്ന് നീക്കി പ്രശ്നം തണുപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിയോഗിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് വി.സിക്കെതിരാണ്. ഇത് ചൂണ്ടിക്കാട്ടി വി.സിയെ നീക്കി മുഖംരക്ഷിക്കാനാണ് കേന്ദ്ര നീക്കം. അതേസമയം, ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കാതെ സമരത്തിൽനിന്ന് പിറകോട്ടില്ലെന്ന നിലപാടിൽ ജോയൻറ് ആക്ക്ഷൻ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.