അരുണാചല്‍ രാഷ്ട്രപതിഭരണം: കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍
text_fieldsന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ ചോദ്യംചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. അരുണാചല്‍ ഗവര്‍ണര്‍ പ്രതിസന്ധിയില്‍ ഒരു കക്ഷിയായതിനാല്‍ മോദിസര്‍ക്കാറിന്‍െറ ശിപാര്‍ശ തള്ളണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെയും കണ്ടു. അതേസമയം, രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശയില്‍ വ്യക്തതവരുത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗമാണ് അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണത്തിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടപടി സുപ്രീംകോടതിയില്‍ ചോദ്യംചെയ്ത കോണ്‍ഗ്രസ് രാഷ്ട്രപതിയെ കാണുകയും ചെയ്തു. അരുണാചല്‍ ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സ്പീക്കര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയില്‍ മോദിസര്‍ക്കാര്‍ നടത്തിയ ശിപാര്‍ശ നിയമവ്യവസ്ഥയോടും കോടതിയോടുമുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. ബി.ജെ.പി ഇതര സര്‍ക്കാറുകളെയെല്ലാം അസ്ഥിരപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായാണ് യഥാര്‍ഥത്തില്‍ കേന്ദ്ര തീരുമാനത്തിന് പിന്നിലെന്നും രാഷ്ട്രപതി നീതിപൂര്‍വകമായി തീര്‍പ്പുകല്‍പിക്കുമെന്നാണ് കരുതുന്നതെന്നും സിബല്‍ പറഞ്ഞു.
മോദിസര്‍ക്കാറിന്‍െറ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസിതര പ്രതിപക്ഷകക്ഷികളും ശിപാര്‍ശയെ ചോദ്യം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ സസ്പെന്‍ഡ് ചെയ്ത് രാഷ്ട്രപതിഭരണത്തിന് ശിപാര്‍ശ ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് ഉത്തരവാദിത്തമുള്ള അരുണാചല്‍ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയാണ് പ്രതിയെന്ന് ജനതാദള്‍-യു ആരോപിച്ചു. കഴിഞ്ഞ ഡിസമ്പര്‍ 16ന് 21 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി 11 ബി.ജെ.പി എം.പിമാര്‍ക്കും രണ്ടു സ്വതന്ത്രന്മാര്‍ക്കുമൊപ്പം ചേര്‍ന്ന് സ്പീക്കറെ ഇംപീച് ചെയ്തതാണ് അരുണാചലില്‍ പ്രതിസന്ധിയുണ്ടാക്കിയത്. സ്പീക്കറുടെ അനുമതിയില്ലായെ ഗവര്‍ണര്‍ ഇതിനായി നിയമസഭക്ക് പുറത്ത് ഒരു ഹോട്ടലില്‍ നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയും 27 കോണ്‍ഗ്രസ് എം.എല്‍.എമാരും ഭരണഘടനാവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി നടപടി ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പിറകെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതിയെ കാണുമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.