മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മരണം: കോളജ് ഉടമയടക്കം ആറുപേര്‍ അറസ്റ്റില്‍
text_fieldsചെന്നൈ: സ്വകാര്യ സിദ്ധ മെഡിക്കല്‍ കോളജിലെ മൂന്നു വിദ്യാര്‍ഥിനികളെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ കോളജ് ഉടമ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി. മക്കളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസിലും മദ്രാസ് ഹൈകോടതിയിലും പരാതി നല്‍കി.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോകുകയും പിന്നീട് ചെന്നൈ താംബരം പൊലീസില്‍ കീഴടങ്ങുകയും ചെയ്ത കോളജ് ചെയര്‍പേഴ്സന്‍ വാസുകി സുബ്രഹ്മണ്യത്തിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. പ്രിന്‍സിപ്പല്‍ കലാനിധി, അധ്യാപിക കോതേശ്വരി, പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ വാര്‍ഡന്മാരായ സുമതി, ലക്ഷ്മി എന്നിവരുമാണ് തിങ്കളാഴ്ച അറസ്റ്റിലായ മറ്റുള്ളവര്‍. കോളജ് ചെയര്‍പേഴ്സന്‍െറ മകനും ഡയറക്ടറുമായ സുഖിവര്‍മ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. രക്ഷപ്പെടാനാകാത്തവിധം പൊലീസ് വലവിരിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സുബ്രഹ്മണ്യത്തോടൊപ്പം ചെയര്‍പേഴ്സന്‍ വാസുകി കീഴടങ്ങിയത്.
വില്ലുപുരം ജില്ലയിലെ കല്ലകുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.വി.എസ് യോഗാ ആന്‍ഡ് നാചുറോപ്പതി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ നാചുറോപ്പതി വിദ്യാര്‍ഥികളായ ഇ. ശരണ്യ (18), വി. പ്രിയങ്ക (18), ടി. മോനിഷ (19) എന്നിവരാണ് മരിച്ചത്. അമിത ഫീസ് ഈടാക്കി പീഡിപ്പിച്ചതും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവുമാണ് മരണകാരണമെന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് കോളജ് മാനേജ്മെന്‍റിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കലക്ടര്‍ എം. ലക്ഷ്മിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസംതന്നെ റവന്യൂവകുപ്പ് അധികൃതര്‍ കോളജ് അടച്ചുപൂട്ടി. മൂന്നു വിദ്യാര്‍ഥിനികളുടെയും പോസ്റ്റ്മോര്‍ട്ടം വില്ലുപുരം മുണ്ടിയമ്പാക്കം മെഡിക്കല്‍ കോളജില്‍ നടത്തി. എന്നാല്‍, മോനിഷയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. വില്ലുപുരത്ത് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വിശ്വാസമില്ളെന്ന് ഇവര്‍ പറഞ്ഞു. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് മോനിഷയുടെ പിതാവ് എം. തമിഴരസന്‍ മദ്രാസ് ഹൈകോടതിയില്‍ പരാതി നല്‍കി. ശരണ്യയുടെയും പ്രിയങ്കയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയെങ്കിലും സംസ്കരിച്ചിട്ടില്ല.
അതേസമയം, കോളജ് മാനേജ്മെന്‍റിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയായിരുന്നെന്ന് ആരോപിച്ച് മാതാപിതാക്കള്‍ വില്ലുപുരം പൊലീസില്‍ പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.