അരുണാചലിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി
text_fieldsന്യൂഡൽഹി: ഭരണ പ്രതിപക്ഷ തർക്കത്തെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ അരുണാചൽപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ശിപാർശക്ക് രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകാരം നൽകി. രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ ശിപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരുണാചൽ ഭരണകക്ഷിയായ കോൺഗ്രസിന്‍റെ പ്രതിനിധിസംഘം പ്രണബ് മുഖർജിക്കു നിവേദനം നൽകിയിരുന്നു. കൂടാതെ ശിപാര്‍ശ ചോദ്യംചെയ്ത് സുപ്രീംകോടതിയെയും കോൺഗ്രസ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ശിപാർശക്ക് അംഗീകാരം നൽകിയത്.
നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്തതിനെ തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ നവംബറിലാണ് പ്രതിസന്ധി തുടങ്ങിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബി.ജെ.പി.ക്ക് 11 അംഗങ്ങളുമാണുള്ളത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളിൽ പ്രതിഷേധിച്ച് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് അരുണാചലില്‍ കുഴപ്പങ്ങള്‍ തുടങ്ങിയത്.
പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം ടുക്കി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.യെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാല്‍ ഇതടക്കം നിയമസഭയെടുത്ത എല്ലാ തീരുമാനങ്ങളും ഹൈകോടതി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.