തുറമുഖംകൊണ്ട് പരിസ്ഥിതിനാശം: അദാനി 25 കോടി പിഴയടക്കണം –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഗുജറാത്തിലെ സൂറത്തില്‍ തുറമുഖത്തിനുവേണ്ടി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് പരിസ്ഥിതിനാശം വരുത്തിയ അദാനി 25 കോടി പിഴ അടക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.
അദാനിയുടെതന്നെ വിഴിഞ്ഞം തുറമുഖപദ്ധതി പരിസ്ഥിതിനാശം വരുത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് പിഴയടക്കാന്‍ ഉത്തരവിട്ടത്. ഹരജിക്കാരായ മത്സ്യത്തൊഴിലാളികളുടെ കോടതിച്ചെലവ് വഹിക്കാനും സുപ്രീംകോടതി അദാനിക്ക് നിര്‍ദേശം നല്‍കി.
ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയാക്കിക്കൊടുത്ത മുന്ദ്രയിലെ അദാനി ഹാജിറ തുറമുഖത്തിനുവേണ്ടിയാണ് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് പരിസ്ഥിതിനാശം വരുത്തിയത്. തുടര്‍ന്ന് ഹാജിമറിലെ മത്സ്യത്തൊഴിലാളി സംഘടനയായ ഹാജിമര്‍ മച്ചിമര്‍ സമിതി ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ പുണെ ബെഞ്ചിനെ സമീപിച്ചിരുന്നു. പരിസ്ഥിതിനാശത്തിന് 25 കോടി പിഴ വിധിച്ച ട്രൈബ്യൂണല്‍ പിഴ അടച്ചില്ളെങ്കില്‍ തുറമഖത്തിനുവേണ്ടി നടത്തിയ നിര്‍മാണപ്രവൃത്തി പൊളിച്ചുനീക്കാനും ഉത്തരവിട്ടു. തുറമുഖ വികസനത്തിനുള്ള പരിസ്ഥിതി അനുമതി ട്രൈബ്യൂണല്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
ഈ ഉത്തരവ് ചോദ്യംചെയ്ത് അദാനി സമര്‍പ്പിച്ച ഹരജിയിലാണ് പരിസ്ഥിതിനാശം വരുത്തിയതിന് 25 കോടി രൂപ പിഴ അടക്കാന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യാഴാഴ്ച ഉത്തരവിട്ടത്. സുറത്ത് ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ പിഴത്തുക കെട്ടിവെക്കണം. തുറമുഖ വികസനത്തിനുള്ള പരിസ്ഥിതിഅനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടി അദാനിക്കുവേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ചോദ്യം ചെയ്തപ്പോള്‍ ഈ വിഷയം പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അദാനിയുടെ ഹരജിയില്‍ പ്രതികരണംതേടി മത്സ്യത്തൊഴിലാളികള്‍ക്കും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിനും നോട്ടീസ് അയച്ചു.
ഹാജിറ ഗ്രാമത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അറബിക്കടലിലേക്കുള്ള പ്രവേശമാര്‍ഗം അടച്ച് അദാനി നടത്തിയ തുറമുഖവികസനമാണ് നിയമയുദ്ധത്തിലേക്ക് നയിച്ചത്. നശിപ്പിക്കുന്ന കണ്ടല്‍ക്കാടുകള്‍ക്ക് പകരമായി 550 ഹെക്ടര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കണമെന്ന ഉപാധിയോടെയാണ് സ്ഥലം തുറമുഖത്തിനായി വിട്ടുകൊടുത്തിരുന്നത്. എന്നാല്‍, വാഗ്ദാനം നടപ്പായില്ല. ഡച്ച് കമ്പനി ഷെല്ലില്‍നിന്ന് അദാനി ഏറ്റെടുത്തതാണ് തുറമുഖമെന്നും ഏറ്റെടുത്തശേഷമുള്ള കാര്യങ്ങളാണ് തങ്ങളറിയുകയെന്നും ചിദംബരം വാദിച്ചെങ്കിലും സുപ്രീംകോടതി മുഖവിലക്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.