നഴ്സുമാരുടെ സേവന വേതന വ്യവസഥ പരിശോധിക്കാന്‍ വിദഗ്ധ സമിതിയുണ്ടാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നാലു മാസത്തിനകം വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സേവന വേതന വ്യവസഥ സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിങ്, എ.കെ. ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചും മറ്റും ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും നഴ്സുമാരെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. നാലാഴ്ചക്കകം വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാരുടെ അവസ്ഥ എങ്ങനെയാണെന്നു സമിതി പരിശോധിക്കണം.
വിദഗ്ധ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തേണ്ടത്. ആറുമാസത്തിനുള്ളില്‍ വ്യവസ്ഥാപിതമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും വേണം. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്കുള്ള സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദ പഠനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി വളരെ കുറഞ്ഞ വേതനം പറ്റിയാണ് നഴ്സുമാരും ആശുപത്രി ജീവനക്കാരും ജോലിചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി.
നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ ആശുപത്രികളിലെ സേവനവേതന വ്യവസ്ഥകളില്‍ ഇടപെടാനുളള അധികാരം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്ന് മറുപടി നല്‍കി ഒഴിഞ്ഞുമാറുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം നഴ്സുമാരുടെ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടുന്നുണ്ടെന്നും കേന്ദ്രം വാദിച്ചു.
എന്നാല്‍, ഈ വാദം അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറായില്ല. നഴ്സുമാരുടെ തൊഴില്‍ പീഡനം അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സമിതി രൂപവത്കരിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
തുടര്‍ന്നാണ് സേവന വേതന വ്യവസ്ഥ പഠിക്കാന്‍ നാലാഴ്ചക്കകം വിദഗ്ധ സമിതിയുണ്ടാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
ഇക്കാര്യം പഠിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വിദഗ്ധസമിതിയെ നിയോഗിക്കേണ്ടത്. ഈ സമിതിയുടെ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ആറുമാസത്തിനകം കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത്.
ഹരജിക്കാര്‍ക്കു വേണ്ടി അഡ്വ. റോമി ചാക്കോയും കേന്ദ്ര സര്‍ക്കാറിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.