50 കോടിയുടെ ഭൂമി ഹേമമാലിനിക്ക് 70,000 രൂപക്ക്
text_fieldsമുംബൈ: ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനിക്ക് നൃത്ത കലാ അക്കാദമി സ്ഥാപിക്കാന്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ വക ഭൂമി തുച്ഛവിലക്ക്. 50 കോടി രൂപ വിപണി മൂല്യമുള്ള അന്ധേരി അമ്പിവാലിയിലെ 2,000 ചതുരശ്രമീറ്റര്‍ ഭൂമി വെറും 70,000 രൂപക്കാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതേ ആവശ്യത്തിന് 18 വര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ അക്കാദമി സ്ഥാപിക്കുകയോ ഭൂമി തിരിച്ചുനല്‍കുകയോ ചെയ്യാതിരിക്കെയാണ് ഹേമമാലിനിക്ക് വീണ്ടും ഭൂമി അനുവദിച്ചത്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയാണ് വിവരം പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ ഡിസംബറിലാണ് 2,000 ചതുരശ്ര മീറ്റര്‍ ഭൂമി ഹേമമാലിനിയുടെ ട്രസ്റ്റായ നാട്യവിഹാര്‍ കലാകേന്ദ്രക്ക് ഉപാധികളോടെ അനുവദിച്ച് റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെ ഉത്തരവിറക്കിയത്. അക്കാദമി നിര്‍മാണ ഫണ്ടിന്‍െറ 25 ശതമാനം കൈവശമുണ്ടെന്നതിന് തെളിവ് മുംബൈ സബര്‍ബന്‍ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം. 18.48 കോടി രൂപയുടേതാണ് പദ്ധതി. എന്നാല്‍, 3.5 കോടി രൂപ കൈവശമുണ്ടെന്നതിന്‍െറ തെളിവാണ് നല്‍കിയത്. ഇത് പോരെന്നു കാണിച്ച് കലക്ടര്‍ കഴിഞ്ഞ 15ന് ഹേമമാലിനിക്ക് നോട്ടീസ് അയച്ചിരുന്നു. അക്കാദമി നിര്‍മാണ ഫണ്ടിന്‍െറ 25 ശതമാനം കൈവശമുണ്ടെന്നതിന് തെളിവ് നല്‍കിയാലെ ഭൂമി കൈമാറ്റം പാടുള്ളൂവെന്നാണ് നിയമം. 1976ലെ റിയല്‍ എസ്റ്റേറ്റ് നിരക്ക് പ്രകാരമാണ് ഹേമമാലിനിയുടെ ട്രസ്റ്റിന് ഭൂമി നല്‍കിയതെന്ന് അനില്‍ ഗല്‍ഗലി ആരോപിച്ചു. ഇത് ചോദ്യംചെയ്ത് അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതിയിട്ടുണ്ട്. സംസ്ഥാനത്തിന് മൂന്ന് ലക്ഷം കോടി രൂപയുടെ ബാധ്യത നിലനില്‍ക്കെയാണ് തുച്ഛവിലക്ക് പാര്‍ട്ടി എം.പിയുടെ ട്രസ്റ്റിന് ഭൂമി അനുവദിച്ചതെന്ന് ഗല്‍ഗലി ചൂണ്ടിക്കാട്ടി. 1997ല്‍ ഇതേ ആവശ്യത്തിന് അന്ധേരിയിലെ ഓശിവാരയില്‍ 1,742 ചതുരശ്ര മീറ്റര്‍ ഭൂമി സര്‍ക്കാര്‍ ഹേമമാലിനിയുടെ ട്രസ്റ്റിന് നല്‍കിയിരുന്നു. 10 ലക്ഷം രൂപക്കായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. പ്രദേശം തീരദേശ മേഖലയില്‍പ്പെട്ടതിനാല്‍ കെട്ടിടം നിര്‍മിക്കാന്‍ കഴിഞ്ഞില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഭൂമിക്ക് ട്രസ്റ്റ് അപേക്ഷിച്ചത്. പുതിയ ഇടം അനുവദിക്കുമ്പോള്‍ മുമ്പ് നല്‍കിയ ഭൂമി തിരിച്ചുനല്‍കിയെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.