ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ആസൂത്രിത വംശഹത്യ യാദൃച്ഛിക സംഭവമാക്കി
text_fieldsന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ ബി.ജെ.പി നിലപാടിനെ ശരിവെച്ച അഹ്മദാബാദ് കോടതിവിധി ആസൂത്രിത വംശഹത്യയെ യാദൃച്ഛിക സംഭവമായാണ് വിലയിരുത്തുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗുജറാത്ത് വംശഹത്യ യാദൃച്ഛിക രോഷപ്രകടനമാണെന്ന ബി.ജെ.പിയുടെ വാദത്തെ പിന്തുണക്കുകയാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസ് വിധി. ഗുല്‍ബര്‍ഗ് കൂട്ടക്കുരുതിയില്‍ പങ്കാളികളായ പകുതിയിലേറെ പ്രതികളെയും കുറ്റമുക്തരാക്കുന്നതാണ് വിധി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പ് പ്രകാരമുള്ള ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് മുഴുവന്‍ പ്രതികളെയും ഒഴിവാക്കിയ നടപടി ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിലൂടെ കടുത്ത പാതകമാണ് അഹ്മദാബാദ് എസ്.ഐ.ടി ഗുജറാത്ത് വംശഹത്യയുടെ ഇരകളോട് ചെയ്തത്. ഇതോടെ പൊലീസും രാഷ്ട്രീയ നേതാക്കളും ഭരണനേതൃത്വവും ചേര്‍ന്ന് നടത്തിയ ആസൂത്രണത്തെ മറച്ചുപിടിക്കാനാകും. രണ്ടോ അതിലധികമോ പേര്‍ നിയമവിരുദ്ധ കൃത്യം ചെയ്യാന്‍ തീരുമാനിക്കുകയോ അതിന് കാരണക്കാരാകുകയോ ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചനയായി. എന്നാല്‍, ഗൂഢാലോചന തെളിയിക്കാനുള്ള തെളിവ് ലഭിച്ചില്ളെന്ന കോടതി നിലപാട് മുഖവിലക്കെടുത്താല്‍ എസ്.ഐ.ടിയാണ് പ്രതിക്കൂട്ടിലാകുക.
ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍െറ പോരായ്മകൊണ്ടുതന്നെയാണ് പ്രതികള്‍ക്കെതിരായ പ്രധാന കുറ്റകൃത്യമായ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതിരുന്നത്. ഗുജറാത്ത് സര്‍ക്കാറുമായി അന്വേഷണ സംഘത്തിനുണ്ടായിരുന്ന ബന്ധം സംബന്ധിച്ച ആരോപണങ്ങളെ ശരിവെക്കുന്നതാകുമത്. പാര്‍ലമെന്‍റ് അംഗമായ ഇഹ്സാന്‍ ജാഫരി അടക്കം 69 പേരെ ജീവനോടെ ചുട്ടെരിച്ച സംഭവത്തിലൂടെയാണ് ഗുജറാത്ത് വംശഹത്യക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൗനാനുവാദം അന്താരാഷ്ട്ര മാധ്യമങ്ങളില്‍പോലും ചര്‍ച്ചയായത്. ഒമ്പത് മണിക്കൂറാണ് പ്രത്യേക അന്വേഷണ സംഘം മോദിയെ കേസില്‍ ചോദ്യംചെയ്തത്. കലാപക്കേസില്‍ ചോദ്യംചെയ്യപ്പെട്ട ആദ്യ മുഖ്യമന്ത്രിയായി നരേന്ദ്ര മോദി മാറി.
ബി.ജെ.പി നേതാവിനെ കേസില്‍നിന്ന് വിട്ടയച്ച് വംശഹത്യയില്‍ രാഷ്ട്രീയ ആസൂത്രണം ആരോപിക്കുന്നതിന്‍െറ അവസാന വഴിയടക്കുകകൂടിയാണ് കോടതി ചെയ്തത്. ഇതോടെ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കൈകഴുകാനുള്ള അവസരവും ലഭിക്കും. പ്രധാനമന്ത്രിക്കെതിരെ നടന്ന വേട്ടയാടല്‍ പരിഗണിക്കുമ്പോള്‍ ഈ വിധിയില്‍ താന്‍ സന്തുഷ്ടയാണെന്ന് ബി.ജെ.പി വക്താവ് ഷൈന നാന ചുദാസാമ പ്രതികരിച്ചത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.