കഡ്സെ-ദാവൂദ് ഫോണ്‍വിളി: 5000 കോടിയുടെ ബിനാമി സ്വത്തിനു വേണ്ടിയെന്ന്
text_fieldsമുംബൈ: മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് കഡ്സെയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമും തമ്മിലെ വിവാദ ഫോണ്‍വിളി ‘ഡി കമ്പനി’യുടെ ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ടെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍. ദാവൂദ് ഇന്ത്യ വിട്ടതു മുതല്‍ നഗരത്തില്‍ ഡി കമ്പനിയുടെ കടിഞ്ഞാണ്‍ സഹോദരി ഹസീന പാര്‍ക്കര്‍ക്കായിരുന്നു.
2014 ജൂലൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഹസീന അതുവരെ 5000 കോടി രൂപയുടെ സ്വത്തുക്കളാണ് ബിനാമി പേരുകളില്‍ ഡി കമ്പനിക്കായി വാരിക്കൂട്ടിയതത്രെ. ഭൂമി തട്ടിയെടുത്തും വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചും കെട്ടിടനിര്‍മാതാക്കളില്‍നിന്നും റിയല്‍ എസ്റ്റേറ്റുകാരില്‍നിന്നും നിര്‍ബന്ധ കമീഷന്‍ പറ്റിയുമാണ് ഹസീന സ്വത്തുക്കള്‍ വാരിക്കൂട്ടിയത്. ബാന്ദ്ര, അന്ധേരി, ബോറിവലി, മീരാറോഡ്, ദക്ഷിണ മുംബൈ എന്നിവിടങ്ങളില്‍ 150ഓളം ബിനാമി സ്വത്തുക്കളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ വഖഫ് ബോര്‍ഡിന്‍െറ സ്വത്തുക്കളുമുണ്ട്.
ഹസീനയുടെ മരണത്തോടെ അനിശ്ചിതത്വത്തിലാണ് ഡി കമ്പനി. പല സ്വത്തുക്കളും കേസിലുമാണ്. ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് ദാവൂദ് മന്ത്രിയെ വിളിച്ചതെന്നാണ് ആരോപണം. റവന്യൂ, വഖഫ് ബോര്‍ഡ് ചുമതല വഹിക്കുന്നത് മന്ത്രി ഏക്നാഥ് കഡ്സെയാണ്. 2015 സെപ്റ്റംബര്‍ അഞ്ചിനും 2016 ഏപ്രില്‍ അഞ്ചിനും ഇടയില്‍ നിരവധി തവണ ഏക്നാഥ് കഡ്സെയുടെ നമ്പറിലേക്ക് ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലുള്ള നമ്പറില്‍നിന്ന് വിളി വന്നു എന്നാണ് ആരോപണം. ഗുജറാത്തുകാരനായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെ പാക് ടെലിഫോണ്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞുകയറിയാണ് വിവരം ചോര്‍ത്തിയത്.
സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര എ.ടി.എസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മനീഷ് ഭംഗാളെയോട് എ.ടി.എസ് കാര്യാലയത്തില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കഡ്സെയുടെ നാടായ ജല്‍ഗാവിലെ പൊലീസില്‍ മനീഷ് വെള്ളിയാഴ്ച ഹാജരായി. കഡ്സെയെ ചോദ്യംചെയ്യുന്നതിന് പകരം മനീഷ് ഭംഗാളെയെ പൊലീസ് വിളിപ്പിച്ചതിനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.