അഫ്ഗാനിൽ ഇന്ത്യ നിര്‍മിച്ച ഡാം മോദി ഉദ്ഘാടനം ചെയ്തു
text_fieldsഹറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹറാത്ത് പ്രവിശ്യയിലുള്ള ഹാരി നദിയില്‍ ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന ഡാമിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഉച്ചയോടെ ഹറാത്തിലെത്തിയ മോദി സല്‍മ ഡാമിന്‍റെ ഉദ്ഘാടനമാണ് നിർവഹിച്ചത്. അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനിയും സന്നിഹിതനായിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം മോദിയും ഗനിയും കൂടിക്കാഴ്ച നടത്തി.
ഹറാത്ത് നഗരത്തില്‍ നിന്നും 165 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഡാം ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തിയാക്കിയ ജല വൈദ്യുതി പദ്ധതിയാണിത്. 42 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഡാമിന് ശേഷിയുണ്ട്. കൂടാതെ 75,000 ഹെക്ടര്‍ ഭൂമിയിലേക്കുള്ള ജലസേചനവും ഇവിടെ നിന്ന് സാധ്യമാകും.
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പങ്കാളിത്തതോടെയുള്ള പ്രധാനപ്പെട്ട പദ്ധതിയാണിത്. ഇന്ത്യന്‍ ജലവിഭവ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാപ്കോസ് ലിമിറ്റഡിനായിരുന്നു ഡാമിന്‍റെ നിർമാണചുമതല.
അഞ്ച് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായാണ് മോദി അഫ്ഗാനിലെത്തിയത്. അഫ്ഗാനിൽ നിന്ന് ഖത്തറിലേക്ക് തിരിക്കുന്ന മോദി ശനിയാഴ്ച അവിടെ തങ്ങും. ഖത്തർ കൂടാതെ യു.എസ്, സ്വിറ്റ്സര്‍ലന്‍ഡ്, മെക്സികോ എന്നീ രാജ്യങ്ങളാണ് യാത്രക്കിടെ മോദി സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.