രാഹുല്‍ യഥാവിധി കോണ്‍ഗ്രസ് അധ്യക്ഷനാകണം –ജയറാം രമേശ്
text_fieldsന്യൂഡല്‍ഹി: യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണെങ്കിലും, ഇനിയെങ്കിലും നിയമാനുസൃതം അദ്ദേഹം പാര്‍ട്ടി അധ്യക്ഷനാകണമെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭരണവിരുദ്ധവികാരം ശക്തിപ്പെടുന്നതിന് കാത്തുനില്‍ക്കാതെ, ഒരു പോരാട്ടത്തിന് കോണ്‍ഗ്രസിനെ സജ്ജമാക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജയറാം രമേശിന്‍െറ പ്രസ്താവന.
പാര്‍ട്ടിയുടെ സാരഥ്യം രാഹുല്‍ ഏറ്റെടുക്കണം. 1998ല്‍ സോണിയ ഗാന്ധി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിന് സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിന് നിരവധി ആശയങ്ങള്‍ രാഹുല്‍ ഗാന്ധിക്കുണ്ട്. വൈകാതെ അദ്ദേഹം നേതൃത്വം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിന് സംഘടനാപരമായ പ്രാധാന്യമുണ്ട്. അക്കാര്യം തിരിച്ചറിഞ്ഞ് ഏറ്റവും നേരത്തേ അദ്ദേഹം ചുമതലയേല്‍ക്കണം. രാഹുല്‍ പദവി ഏറ്റെടുക്കുമ്പോള്‍, ഒപ്പം അദ്ദേഹത്തിന്‍െറ ഒരു ടീമും ചുമതല ഏറ്റെടുക്കുന്നുണ്ട്. അതുപക്ഷേ, എപ്പോള്‍ എന്നതാണ് വലിയ ചോദ്യം. മാറുന്ന ഇന്ത്യക്കൊത്തവിധം കോണ്‍ഗ്രസ് മാറേണ്ട സമയം അതിക്രമിച്ചു. പാര്‍ട്ടിയുടെ ജനബന്ധതന്ത്രങ്ങള്‍ ഫലപ്രദമല്ല. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കണക്കിലെടുത്ത് വിവിധ ജനവിഭാഗങ്ങളുമായി കൂടുതല്‍ ഫലപ്രദമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് നടപടി വേണം. കടുത്ത വെല്ലുവിളികളുണ്ട്. അലംഭാവത്തിന് ഇതിനിടയില്‍ സ്ഥാനമില്ല. കോണ്‍ഗ്രസിനെ എഴുതിത്തള്ളുന്നവര്‍ മുന്‍കൂട്ടി ചരമക്കുറിപ്പ് എഴുതുക മാത്രമാണ് ചെയ്യുന്നതെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തണം. വിവിധ വിഭാഗങ്ങളിലൂടെ ഈ സമ്പര്‍ക്കം സാധ്യമാക്കണം. പി.സി.സി, ഡി.സി.സി പ്രസിഡന്‍റുമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
സോണിയ എഴുപതിലേക്ക് കടക്കുന്നുവെന്നിരിക്കേ, രാഹുല്‍ പാര്‍ട്ടി പ്രസിഡന്‍റാകണമെന്ന് നേരത്തേ, പഞ്ചാബ് പി.സി.സി പ്രസിഡന്‍റ് അമരീന്ദര്‍സിങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, അക്ഷീണം പ്രവര്‍ത്തിക്കുന്ന സോണിയ പദവിയില്‍ തുടരണമെന്നാണ് മുതിര്‍ന്ന നേതാവ് അംബിക സോണി പരസ്യമായി പറഞ്ഞത്. കമല്‍നാഥ് അതിനെ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.