മഥുര കലാപം: മരണം 29
text_fieldsമഥുര: ജവഹര്‍ ബാഗില്‍ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ അക്രമത്തില്‍ മരണം 29 ആയി. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ടുപേര്‍ കൂടി കഴിഞ്ഞദിവസം മരിച്ചു. കൈയേറ്റക്കാര്‍ക്കെതിരെ പൊലീസ് 45 കേസുകളെടുത്തു. അലിഗഢ് ഡിവിഷനല്‍ കമീഷണര്‍ അന്വേഷണം തുടങ്ങി.
കൊല്ലപ്പെട്ട ആള്‍ദൈവം രാം വൃക്ഷ് യാദവിന്‍െറ അനുയായികളെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കലാപത്തിന് ആയുധ, സാമ്പത്തിക സഹായം ചെയ്തത് ഇവരാണ്. കൈയേറ്റസ്ഥലത്ത് ആയുധങ്ങള്‍ക്കുവേണ്ടി തെരച്ചില്‍ തിങ്കളാഴ്ചയും തുടര്‍ന്നു.
മരിച്ച രണ്ട് സ്ത്രീകളടക്കമുള്ള 10 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ പലരുടെയും ബന്ധുക്കള്‍ ജയിലിലാണ്. കൊല്ലപ്പെട്ട എസ്.പി മുകുള്‍ ദ്വിവേദിയുടെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് യാദവിന്‍െറയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ 50 ലക്ഷം രൂപ വീതം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം ഇതിലേക്ക് നല്‍കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാര്‍ അറിയിച്ചു. ജവഹര്‍ ബാഗിന് ദ്വിവേദിയുടെ പേരിടുമെന്നും അദ്ദേഹം പറഞ്ഞു.
യു.പി പൊതുമരാമത്ത് മന്ത്രി ശിവ്പാല്‍ സിങ് യാദവ് ആണ് അക്രമത്തിന് ഉത്തരവാദിയെന്ന് കേന്ദ്ര സഹമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി ആരോപിച്ചു. കലാപകാരികള്‍ക്ക് ശിവ്പാല്‍ സംരക്ഷണം നല്‍കിയിരുന്നതായും കര്‍ശന നടപടിയെടുക്കുന്നതില്‍നിന്ന് പൊലീസിനെ നിയന്ത്രിച്ചിരുന്നതായും അവര്‍ ആരോപിച്ചു.
അതിനിടെ, മഥുരയില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്‍തോതില്‍ ആയുധം കടത്തിയതായി സൂചന. കലാപശേഷം വന്‍തോതില്‍ ആയുധശേഖരം ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. മഥുരയിലെ ആയുധശേഖരത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷിക്കുകയാണ്. ബിഹാറിലെയും മധ്യപ്രദേശിലെയും ആയുധകേന്ദ്രങ്ങളെക്കുറിച്ച് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഏതാനും മാസം മുമ്പാണ് മഥുരയില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്‍തോതില്‍ ആയുധം കടത്തുന്നതായി ഡല്‍ഹി പൊലീസിനുകീഴിലെ പ്രത്യേക സെല്ലിന്‍െറ ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞയാഴ്ച ഒരു ആയുധക്കടത്തുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് പ്രാദേശികമായി നിര്‍മിച്ച 27 പിസ്റ്റളുകള്‍ പിടികൂടിയിരുന്നു.
മഥുരയില്‍ കലാപത്തിന് നേതൃത്വം നല്‍കിയ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടന വന്‍തോതില്‍ ആയുധം ശേഖരിച്ചിരുന്നതായി സൂചനയുണ്ട്.
അതിനിടെ, മഥുര സംഭവവുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയതിന് 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകടനക്കാര്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ കോലംകത്തിക്കുകയും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.