മസൂദ് അസ്ഹറിനെ പിടികൂടാൻ താലിബാന് ഇന്ത്യ പണം വാഗ്ദാനം ചെയ്തെന്ന്
text_fieldsന്യൂഡൽഹി: തന്നെ പിടികൂടാൻ താലിബാൻ സർക്കാരിന് ഇന്ത്യ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ. 1999ൽ കാണ്ഡഹാറിലേക്ക് ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടു പോയതിന് പിന്നാലെയാണ് വാജ്പേയി സർക്കാർ തന്നേയും മറ്റു രണ്ട് ഭീകരവാദികളേയും അറസ്റ്റ് ചെയ്യാൻ താലിബാൻ സർക്കാരിന് പണം വാഗ്ദാനം ചെയ്തത്.
അന്നത്തെ വിദേശ കാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങാണ് താലിബാൻ നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂറിന് പണം നൽകാമെന്നറിയിച്ചതെന്നാണ് മസൂദ് അസ്ഹറിന്‍റെ ആരോപണം. 2016ൽ യു.എസ്. ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മൻസൂറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പിലാണ് അസ്ഹറിന്‍റെ അവകാശവാദം. താലിബാന്‍റെ ഔദ്യോഗിക വൈബ്സൈറ്റിലൂടെയാണ് വാർത്ത പുറത്ത് വന്നത്.
കാണ്ഡഹാർ വിമാന റാഞ്ചൽ സമയത്ത് അഫ്ഗാനിസ്താനിലെ താലിബൻ ഇസ്ലാമിക് എമിറേറ്റ്സിന്‍റെ വ്യോമയാന മന്ത്രിയായിരുന്നു മുഹമ്മദ് മൻസൂർ. അസ്ഹർ, മുഷ്താഖ് അഹമ്മദ് സർഗർ, അഹമ്മദ് സഈദ് ഷെയ്ഖ് എന്നീ തടവുകാരെ ഇന്ത്യക്ക് കൈമാറിയാൽ വലിയൊരു തുക നൽകി നിങ്ങളെ സമ്പന്നരാക്കാമെന്ന് ജസ്വന്ത് സിങ് വാക്കുനൽകിയിരുന്നുവെന്ന് മുഹമ്മദ് മൻസൂർ പറഞ്ഞിരുന്നുവെന്നാണ് അസ്ഹറിന്‍റെ ആരോപണം. എന്നാൽ നിങ്ങൾക്ക് ഇന്ത്യയിലേക്ക് ജീവനോടെ തിരിച്ചുചെല്ലാൻ സാധിച്ചാൽ അതുതന്നെ വലിയൊരു കാര്യമാകുമെന്നാണ് താൻ നൽകിയ മറുപടിയെന്നും അസ്ഹർ പറയുന്നു.
കാണ്ഡഹാർ വിമാന റാഞ്ചലിനെ തുടർന്ന് ഇന്ത്യ അഫ്ഗാനിസ്താന് കൈമാറിയ മൂന്നു ഭീകരവാദികളിലൊരാളാണ് അസ്ഹർ. 1999 ഡിസംബർ 31ന് തീവ്രവാദികളെ കൈമാറിയപ്പോൾ വെള്ള ലാൻഡ് ക്രൂയിസറിൽ എയർപോർട്ടിൽ നിന്നും ഇവരെ കൊണ്ടുപോയത് മുഹമ്മദ് മൻസൂറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.