കഡ്സെയുടെ രാജി: പഴി വാസ്തുദോഷത്തിന്
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് കഡ്സെക്ക് രാജിവെക്കേണ്ടിവന്നത് മന്ത്രിമന്ദിരത്തിന്‍െറ വാസ്തുദോഷം മൂലമെന്ന് പഴി. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുടെ വീടായ ‘വര്‍ഷ’ കഴിഞ്ഞാല്‍ തൊട്ടടുത്ത ‘രാംടെകി’നാണ് മന്ത്രിമന്ദിരങ്ങളില്‍ രണ്ടാംസ്ഥാനം. മലബാര്‍ ഹില്ലില്‍ കടലിനോട് ചേര്‍ന്നുകിടക്കുന്ന രാംടെകിലായിരുന്നു കഡ്സെയുടെ താമസം. ശരത് പവാര്‍ ഉള്‍പ്പെടെ രാംടെകില്‍ കഴിഞ്ഞവരെല്ലാം രാഷ്ട്രീയ ജീവിതത്തില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് കഡ്സെയുമായി അടുത്ത വൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം, വാസ്തുവിനെയും പൂജകളെയും കുറിച്ച് ആരും പരസ്യപ്രതികരണത്തിനില്ല. കാരണം അന്ധവിശ്വാസ നിര്‍മാര്‍ജന, മന്ത്രവാദ വിരുദ്ധ നിയമം നിലവിലുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
കഡ്സെക്ക് തൊട്ടുമുമ്പ് രാംടെകില്‍ താമസിച്ച മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ കള്ളപ്പണ കേസില്‍ ജയിലിലാണ്. രാംടെകില്‍ താമസിക്കവെയാണ് മുദ്രപത്ര കുംഭകോണ വിവാദത്തില്‍ ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവും ഭുജ്ബലിന് നഷ്ടമായതും. ഇവിടെ താമസിക്കവെ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ, കോണ്‍ഗ്രസ് നേതാവ് വിലാസ്റാവ് ദേശ്മുഖ് എന്നിവര്‍ക്കും കൈപ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടത്രേ. വാസ്തുദോഷം നീക്കാനുള്ള പൂജ ഇവരെല്ലാം രഹസ്യമായി നടത്തിയിട്ടുണ്ടത്രേ.
കഡ്സെ ഒഴിയുമ്പോള്‍ രാംടെക് ആര്‍ക്കും വേണ്ടാതായി. കഡ്സെയുടെ നാടായ ജല്‍ഗാവിനും ദോഷമുണ്ടെന്നാണ് മറ്റൊരു പ്രചാരണം. അവിടുത്തെ നേതാക്കളൊക്കെ ആ ദോഷം അനുഭവിച്ചിട്ടുണ്ടത്രേ. ജല്‍ഗാവ് ഭവന കുംഭകോണ കേസില്‍ മുന്‍ മന്ത്രിയും ശിവസേന നേതാവുമായ സുരേഷ് ജെയിന്‍ ജയിലിലാണ്. എന്‍.സി.പി നേതാവായ ഗുലാബ്റാവ് ദേവ്ക്കറിന് മന്ത്രിപദം രാജിവെക്കേണ്ടിവന്നു. ലോക്സഭയില്‍ ചോദ്യത്തിന് കൈക്കൂലിവാങ്ങവെ മുന്‍ കേന്ദ്രമന്ത്രിയായ ബി.ജെ.പി നേതാവ് എം.കെ. പാട്ടീലും വൈ.ജി. മഹാജനും പിടിക്കപ്പെട്ടു. ഇവരെയൊക്കെ ബാധിച്ചത് നാടിന്‍െറയും പാര്‍പ്പിടത്തിന്‍െറയും ദോഷങ്ങളാണെന്ന് പ്രചരിപ്പിക്കുകയാണ് അനുയായികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.