എന്‍.എസ്.ജി അംഗത്വം: പിന്തുണ ആവര്‍ത്തിച്ച് ഒബാമ
text_fieldsവാഷിങ്ടണ്‍: ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ആവര്‍ത്തിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലത്തെിയ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഒബാമ ഇങ്ങനെ പറഞ്ഞത്. നിലവില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഉടമ്പടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും പുതിയവ ആരംഭിക്കുന്നതിനും തമ്മില്‍ ധാരണയായെന്ന് കൂടിക്കാഴ്ചക്കുശേഷം മോദി പറഞ്ഞു.
പ്രശസ്തമായ എര്‍ലിങ് ടണ്‍ നാഷനല്‍ സെമിത്തേരി സന്ദര്‍ശിച്ചുകൊണ്ടാണ് മോദിയുടെ യു.എസ് സന്ദര്‍ശനം ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ (അമേരിക്കന്‍ സമയം) വാഷിങ്ടണിലത്തെിയ അദ്ദേഹത്തെ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. ബുധനാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്നുണ്ട്. രാജീവ് ഗാന്ധി, വാജ്പേയി, മന്‍മോഹന്‍ സിങ് എന്നിവരാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.
ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയായ കല്‍പന ചൗളയടക്കമുള്ള പ്രശസ്തരെയും ഒന്ന്, രണ്ട് ലോകയുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും കൊല്ലപ്പെട്ട യു.എസ് സൈനികരെയും അടക്കം ചെയ്തയിടമാണ് എര്‍ലിങ് ടണ്‍ സെമിത്തേരി. ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. കല്‍പന ചൗളയുടെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച മോദി അവരുടെ ഭര്‍ത്താവ് ഴാന്‍ പിയറി ഹാരിസണുമായി അല്‍പനേരം സംസാരിക്കുകയും ചെയ്തു. കല്‍പനയുടെ ജീവചരിത്രമായ ‘ദി എഡ്ജ് ഓഫ് ടൈം’ അദ്ദേഹം മോദിക്ക് സമ്മാനിച്ചു.
അവിടെനിന്ന് നാസയുടെ കാര്യാലയത്തിലേക്ക് തിരിച്ച മോദി ഇന്തോ-അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സുനിത വില്യംസുമായി കൂടിക്കാഴ്ച നടത്തി. നാസയിലെ മുതിര്‍ന്ന ഗവേഷകരുമായും സംസാരിച്ചു. സുനിത വില്യംസിന്‍െറ പിതാവ് ദീപക് പാണ്ഡ്യയെ സന്ദര്‍ശിച്ച മോദി അദ്ദേഹവുമായി ഗുജറാത്തിയിലാണ് സംസാരിച്ചത്. അഹ്മദാബാദില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് സുനിതയുടെ കുടുംബം. ബുധനാഴ്ച മെക്സികോയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മോദി അവിടെ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.