നരേന്ദ്ര ധാബോൽക്കർ വധം: സനാതൻ സൻസ്ത പ്രവർത്തകൻ അറസ്റ്റിൽ
text_fields
മുംബൈ: പ്രമുഖ യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഡോ. നരേന്ദ്ര ധാഭോല്‍കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിന്ദു ജന്‍ജാഗ്രുതി സമിതി നേതാവും ഇ.എന്‍.ടി സ്പെഷലിസ്റ്റുമായ ഡോ. വിരേന്ദ്ര സിങ് താവ്ഡെയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ അനുബന്ധ സംഘടനയാണ് ഹിന്ദു ജന്‍ജാഗ്രുതി സമിതി. 10 ദിവസമായി താവ്ഡെയെ ചോദ്യംചെയ്തുവരുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് എട്ടരയോടെ പന്‍വേലിലെ വീട്ടില്‍വെച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഒന്നിന് താവ്ഡെയുടെ വീട് റെയ്ഡ് ചെയ്ത സി.ബി.ഐ സംഘം നിരവധി സിം കാര്‍ഡുകളും ലാപ്ടോപ്പും കണ്ടെടുത്തിരുന്നു. സൈബര്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താവ്ഡെയെ പുണെ കോടതി പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രഭാത സവാരിക്കിടെ 2013 ആഗസ്ത് 20നാണ് പുണെയിലെ ഓംകാരേശ്വര്‍ പാലത്തിന് അടുത്തുവെച്ച് ധാഭോല്‍കര്‍ക്ക് വെടിയേറ്റത്. സംഭവസമയത്ത് വീരേന്ദ്രസിങ് താവ്ഡെയുടെ മൊബൈല്‍ ഫോണ്‍ ധാഭോല്‍കര്‍ കൊല്ലപ്പെട്ട പ്രദേശത്തുണ്ടായിരുന്നെന്ന് കണ്ടത്തെിയതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. കൊലക്ക് മുമ്പും ശേഷവും താവ്ഡെയുമായി മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ സാരംഗ് അകോല്‍കറെയും സി.ബി.ഐ തിരയുകയാണ്. 2009ല്‍ ഗോവയിലെ മഡ്ഗാവിലുണ്ടായ സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളിയാണ് അകോല്‍കര്‍. അകോല്‍കറാണ് മുഖ്യ ആസൂത്രകന്‍ എന്നാണ് സംശയം.
ധാഭോല്‍കര്‍ കൊല്ലപ്പെട്ട ഉടന്‍ ആത്മാര്‍ഥമായി അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രതികളെ പിടിക്കാനും സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെ, കന്നട എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകം തടയാനും കഴിയുമായിരുന്നെന്ന് മകന്‍ ഹാമിദ് ദാഭോല്‍കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.