പന്‍സാരെ, കല്‍ബുര്‍ഗി, ദാഭോല്‍കര്‍ വധം: കൊലക്ക് ഉപയോഗിച്ചത് ഒരേ ആയുധമെന്ന് സൂചന
text_fieldsമുംബൈ: ഡോ. നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ ഒരേ സംഘമാണെന്നും കൊലക്ക് ഉപയോഗിച്ചത് ഒരേ ആയുധമെന്നും അന്വേഷണ ഏജന്‍സികള്‍. മൂന്നുപേരുടെയും ശരീരത്തില്‍നിന്ന് കണ്ടെടുത്ത വെടിയുണ്ടകളും കൊലപാതകസ്ഥലത്തുനിന്ന് കണ്ടെടുത്ത സെല്ലുകളും വിദഗ്ധ പരിശോധന നടത്തി.
ഒരേ ആയുധമാണ് മൂവരെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് ബംഗളൂരു ഫോറന്‍സിക് ലാബ് അവകാശപ്പെടുമ്പോള്‍ രണ്ട് തോക്കുകളാണ് ഉപയോഗിച്ചതെന്ന് മുംബൈ ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ, സി.ബി.ഐ സ്കോട്ട്ലന്‍ഡ് യാര്‍ഡ് പൊലീസിന്‍െറ സഹായം തേടുകയാണ്്. മൂന്ന് കൊലപാതകത്തിനും ഉപയോഗിച്ച ആയുധത്തെക്കുറിച്ച് സി.ബി.ഐ 23ന് ബോംബെ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ദാഭോല്‍കര്‍ കൊലക്കേസ് സി.ബി.ഐയും പന്‍സാരെ വധക്കേസ് മഹാരാഷ്ട്ര സി.ഐ.ഡിയും കല്‍ബുര്‍ഗി വധം കര്‍ണാടക സി.ഐ.ഡിയുമാണ് അന്വേഷിക്കുന്നത്.
മൂന്ന് കൊലപാതകങ്ങള്‍ തമ്മില്‍ ഏറെ സാമ്യമുണ്ട്. ദാഭോല്‍കറും പന്‍സാരെയും പ്രഭാതസവാരിക്കിടെയാണ് കൊല്ലപ്പെട്ടത്. ഡോര്‍ബെല്‍ കേട്ട് വാതില്‍ തുറക്കുമ്പോഴാണ് കല്‍ബുര്‍ഗിക്ക് വെടിയേറ്റത്. മൂവരെയും കൊല്ലാന്‍ ബൈക്കില്‍ ഹെല്‍മറ്റ്ധാരികളാണ് എത്തിയത്. കൊലപാതകത്തിനുമുമ്പ് സമാനമായ ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നു.
2013 ആഗസ്റ്റിലാണ് ദാഭോല്‍കര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ദാഭോല്‍കറുടെ വിധിയാകും താങ്കള്‍ക്കുമെന്ന ഭീഷണിക്കത്തുകള്‍ പന്‍സാരെക്ക് ലഭിച്ചു. 2015 ഫെബ്രുവരിയിലാണ് പന്‍സാരെക്ക് വെടിയേറ്റത്. തുടക്കം മുതല്‍ ദാഭോല്‍കറുടെ ബന്ധുക്കളും അനുയായികളും സനാതന്‍ സന്‍സ്തയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, അനധികൃത ആയുധക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ് കേസ് മറ്റൊരു വഴിക്കാണ് അന്വേഷിച്ചത്.
പൊതുതാല്‍പര്യഹരജിയെ തുടര്‍ന്ന് ദാഭോല്‍കര്‍ കൊലക്കേസ് 2014 മേയില്‍ ബോംബെ ഹൈകോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. പന്‍സാരെ കേസില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ സമീര്‍ ഗെയ്ക്വാദിനെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര സി.ഐ.ഡി കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, പിന്നീട് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. 23ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ദാഭോല്‍കര്‍ കേസില്‍ സി.ബി.ഐയുടെ ആദ്യ അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.