അലീഗഢ് ബി.ജെ.പി തെരഞ്ഞെടുപ്പ് വിഷയമാക്കുന്നു
text_fieldsഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജയതന്ത്രങ്ങള്‍ക്ക് രൂപംനല്‍കാന്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി ഞായറാഴ്ച ചേരും. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷയമാക്കാനാണ് പാര്‍ട്ടി നീക്കം. ദേശീയ നിര്‍വാഹക സമിതിക്കുമുമ്പ് അലീഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തിന്‍െറ കരട് തയാറാക്കിയതായി ബി.ജെ.പി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതം ലഭിച്ചശേഷമാണ് കരട് തയാറാക്കിയത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ അയോധ്യയിലെ രാമക്ഷേത്രം സജീവമാക്കുന്നതിനെക്കാള്‍ യു.പിയില്‍ ഗുണംചെയ്യുക അലീഗഢിന്‍െറ ന്യൂനപക്ഷ പദവി റദ്ദാക്കുന്നതിനാണ് എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അത് മുന്നില്‍ക്കണ്ടാണ് കരട് സത്യവാങ്മൂലം തയാറാക്കിയത്. അലീഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലാതാക്കുമ്പോഴുണ്ടാകുന്ന രാഷ്ട്രീയ വിവാദത്തിലും അത് ഉത്തര്‍പ്രദേശിലെ ജാതി, മത സമവാക്യങ്ങളിലുണ്ടാക്കുന്ന ധ്രുവീകരണത്തിലുമാണ് ബി.ജെ.പിയുടെ കണ്ണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അറ്റോണി ജനറല്‍ മുകുല്‍ റോത്തഗി, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അശോക് മത്തേ, നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, ന്യൂനപക്ഷ പദവി റദ്ദാക്കി ഏറ്റവുമൊടുവില്‍ വിധി പുറപ്പെടുവിച്ച അലഹബാദ് ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവര്‍ ചേര്‍ന്നാണ് സത്യവാങ്മൂലത്തിന്‍െറ കരടുണ്ടാക്കിയത്.
ന്യൂനപക്ഷ പദവി റദ്ദാക്കിയതിനെതിരെ മുന്‍ യു.പി.എ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ബോധിപ്പിക്കുന്നു. മുസഫര്‍ നഗര്‍ കലാപം, ദാദ്രി തുടങ്ങിയവ കൈകാര്യം ചെയ്തതില്‍ മുലായം സിങ്ങിന്‍െറ സമാജ്വാദി പാര്‍ട്ടിയോട് കടുത്ത അമര്‍ഷത്തില്‍ കഴിയുന്ന മുസ്ലിംകളില്‍ വലിയൊരു പങ്ക് ഇക്കുറി മായാവതിയെ പിന്തുണച്ചാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. ബി.എസ്.പി അധികാരത്തില്‍ വരുന്നത് തടയിടാന്‍ മുസ്ലിംകളില്‍ ആശയക്കുഴപ്പമുണ്ടാക്കി വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രവും പാര്‍ട്ടി പയറ്റുന്നുണ്ട്.
സമാജ്വാദി പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശില്‍ തങ്ങളുടെ മുഖ്യശത്രു എന്ന നിലയിലുള്ള പ്രചാരണത്തിന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടക്കമിട്ടിരിക്കുന്നത് അതിന്‍െറ ഭാഗമായാണ്. ബി.എസ്.പിയെ എതിരാളിയായി കാണുന്നില്ളേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചതുഷ്കോണ മത്സരം നടക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രധാന മത്സരം ബി.ജെ.പിയും എസ്.പിയും തമ്മിലാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ ഭൂരിപക്ഷ-ന്യൂനപക്ഷ മത്സരമാക്കി മാറ്റിയാല്‍ എസ്.പിക്കൊപ്പം ബി.എസ്.പിയെയും കോണ്‍ഗ്രസിനെയും ന്യൂനപക്ഷ പ്രേമികളാക്കി ചിത്രീകരിക്കാനും ബി.എസ്.പിയുടെ ദലിത് വോട്ടുബാങ്കിനെ ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഭൂരിപക്ഷ വോട്ടാക്കി മാറ്റി തങ്ങളോടൊപ്പം ചേര്‍ക്കാനും ബി.ജെ.പിക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.