കര്‍ണാടകയില്‍ ജനതാദള്‍-എസ് എട്ടു വിമത എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തു
text_fieldsബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിപ്പ് മറികടന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത എട്ടു വിമത എം.എല്‍.എമാരെ ജനതാദള്‍ -എസ് നേതൃത്വം പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ ചേര്‍ന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ശനിയാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്‍െറ മുന്നറിയിപ്പ് തള്ളി കൂറുമാറി വോട്ടുചെയ്തതോടെയാണ് പാര്‍ട്ടി വിമതര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
പാര്‍ട്ടിയിലെ ന്യൂനപക്ഷ നേതാവായ സമീര്‍ അഹ്മദ് ഖാന്‍, ചലുവരായ സ്വാമി, ഇഖ്ബാല്‍ അന്‍സാരി, ബാലകൃഷ്ണ, രമേഷ് ബണ്ടിസിദ്ദെ ഗൗഡ, ഗോപാലയ്യ, ഭീമ നായക്, അഖണ്ഡ ശ്രീനിവാസമൂര്‍ത്തി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കാനായി കത്തുനല്‍കിയിട്ടുണ്ട്. നിയമസഭയില്‍ 40 അംഗങ്ങളുള്ള ജനതാദളിന്‍െറ സ്ഥാനാര്‍ഥി ബി.എം. ഫാറൂഖിന് ഒരു സ്വതന്ത്രന്‍െറ വോട്ടുള്‍പ്പെടെ 33 വോട്ടുകളാണ് കിട്ടിയത്.
വിമതരുടെ വോട്ടുനേടിയാണ് രാജ്യസഭയിലേക്ക് കോണ്‍ഗ്രസിന്‍െറ മൂന്നാം സ്ഥാനാര്‍ഥി കെ.സി. രാമമൂര്‍ത്തി വിജയമുറപ്പിച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് മംഗളൂരുവിലെ വ്യവസായി ഫാറൂഖിനെ സ്ഥാനാര്‍ഥിയാക്കിയതാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്കിടയാക്കിയത്. സമീര്‍ അഹ്മദ് പാര്‍ട്ടി തീരുമാനത്തെ പരസ്യമായി ചോദ്യംചെയ്തു. നേതൃത്വത്തിന്‍െറ നിലപാടുകളോട് അമര്‍ഷമുള്ള മറ്റു നേതാക്കളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തത്തെി.
നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും വിമതര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ടുചെയ്തത്. രാവിലെ യോഗം തുടങ്ങിയതും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എം.എല്‍.എമാരെ പുറത്താക്കാന്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയുമായിരുന്നു. എം.എല്‍.എ എസ്.വി. ദത്ത കൊണ്ടുവന്ന പ്രമേയത്തെ മറ്റ് എം.എല്‍.എമാര്‍ പിന്തുണച്ചു.
പാര്‍ട്ടി വിപ്പ് മറികടന്ന എട്ടു എം.എല്‍.എമാരെയും സസ്പെന്‍ഡ് ചെയ്തെന്നും കാരണം കാണിക്കുന്നതിന് കത്തുനല്‍കിയിട്ടുണ്ടെന്നും ദേവഗൗഡ പറഞ്ഞു.
പാര്‍ട്ടിയുടെ ഭരണഘടനപ്രകാരം മൂന്നംഗ അന്വേഷണ കമീഷനെ നിയമിക്കും.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി യോഗത്തില്‍ പങ്കെടുത്തില്ല. ബംഗളൂരു, മാണ്ഡ്യ എന്നിവിടങ്ങളില്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ റാലിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.