യു.പിയില്‍ ധ്രുവീകരണത്തിന് ‘കയ്രാന പലായന’വും
text_fieldsഅലഹബാദ്: ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ചര്‍ച്ചാ വിഷയമാക്കിയതോടെ കയ്രാനയിലെ ഹിന്ദുകുടുംബങ്ങളുടെ പലായനം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള പുതിയ ആയുധമാക്കുകയാണെന്ന് ഉറപ്പായി. ദേശീയ നിര്‍വാഹകസമിതിയിലെ നടപടികള്‍ വിശദീകരിക്കാന്‍ രണ്ടാം ദിവസം കേന്ദ്രമന്ത്രിമാരായ ജെയ്റ്റ്ലിയും ഗഡ്കരിയും വിളിച്ചുചേര്‍ത്ത രണ്ട് വാര്‍ത്താസമ്മേളനങ്ങളിലും കൈരാന പലായനം മുഴച്ചുനിന്നു. കയ്രാനയിലെ ഹിന്ദുക്കളുടെ പലായനം തങ്ങള്‍ ഒരു സമിതിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിര്‍വാഹകസമിതിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം വിശദീകരിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും കൈരാനയിലെ ഹിന്ദു പലായനം ഗൗരവമേറിയ വിഷയമാണെന്ന് അഭിപ്രായപ്പെട്ടു.
പലായനം ചെയ്തുവെന്ന് പറയുന്ന പലരും വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയവരും ഗ്രാമം വിട്ടുപോയവരുമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അക്കാര്യങ്ങളെല്ലാം പഠിച്ചശേഷമായിരിക്കും പാര്‍ട്ടി തുടര്‍നടപടി കൈക്കൊള്ളുകയെന്ന് അദ്ദേഹം പ്രതികരിച്ചു. നിര്‍വാഹകസമിതിക്ക് ആമുഖം കുറിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യദിവസം നടത്തിയ പ്രസംഗത്തില്‍തന്നെ മധുര സംഭവത്തെപ്പോലെ കയ്രാനയിലെ ഹിന്ദുക്കളുടെ പലായനം ഗൗരവത്തോടെയാണ് കാണുന്നതെന്നും പാര്‍ട്ടി ഇത് ഏറ്റെടുക്കുകയാണെന്നും പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍നിന്ന് 124 കി. മീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമമാണ് കയ്രാന. മുസഫര്‍ നഗര്‍ കലാപം ശാംലി ജില്ലയിലേക്ക് പടര്‍ന്നപ്പോള്‍ കയ്രാനയില്‍നിന്ന് ഒരക്രമ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കുടിയൊഴിഞ്ഞുപോകണമെന്ന മുസ്ലിംകളുടെ ഭീഷണിയും ഗുണ്ടായിസവും ഭയന്ന് ഇവിടെനിന്ന് 346 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തെന്ന ആരോപണവുമായി മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതിയും കയ്രാനയുടെ എം.പിയുമായായ ബി.ജെ.പി നേതാവ് ഹുകും സിങ്ങാണ് ഒരാഴ്ച മുമ്പ് രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.