മദ്യലഹരിയിൽ 21കാരൻ ഒാടിച്ച കാറിടിച്ച് രണ്ടു മരണം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മദ്യലഹരിയിൽ അമിത വേഗതയിൽ 21കാരൻ ഒാടിച്ച കാറിടിച്ച് രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കാറോടിച്ച റിഷഭ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യസൽകാരത്തിൽ പങ്കെടുത്ത ശേഷം റിഷഭ് പിതാവിെൻറ ഹോണ്ട സിറ്റി കാർ 100 കിലോമീറ്റർ വേഗതയിൽ ഒാടിച്ചാണ് അപകടങ്ങളുണ്ടാക്കിയത്. 1.5 കിലോമീറ്റർ പരിധിക്കുളളിൽ രണ്ടു പേരെ ഇടിച്ച് കൊലപ്പെടുത്തുകയും ഒരാൾക്ക് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഡൽഹി ജനക്പുരിയിലാണ് സംഭവം.
പുലർച്ചെ നടക്കാനിറങ്ങിയ സർക്കാർ ജീവനക്കാരനായ കാമേശ്വർ പ്രസാദിനെയാണ് കാർ ആദ്യം ഇടിച്ചു വീഴ്ത്തിയത്. വാഹനത്തിൽ കുടുങ്ങിയ പ്രസാദിനെ മീറ്ററുകളോളം വലിച്ചുകൊണ്ട് പോവുകയും ചെയ്തു. പിന്നീട് നിർത്താതെ പോയ റിഷഭ് കാർ വൃത്തിയാക്കിക്കൊണ്ടിരുന്ന 40കാരനായ സന്തോഷിനെ ഇടിച്ചു വീഴ്ത്തി. തുടർന്ന് ട്രാഫിക്ക് തെറ്റിച്ച് വാഹനം ഒാടിച്ചു പോയി 67കാരനായ അശ്വനി ആനന്ദിനെയും ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ പൊലീസ് പെട്രോളിങ് സംഘം പിന്തുടർന്നാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തത്. പ്രതി എഴുന്നേറ്റ് നിൽക്കാനാവാത്ത അവസ്ഥയിലായിരുന്നെന്നും വാഹനത്തിൽ നിന്ന് മദ്യം കണ്ടെടുത്തതായും മുതിർന്ന പൊലീസ് ഒാഫീസർ പുഷ്പേന്ദ്ര കുമാർ പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രമുഖ ബിസിനസുകാരന്‍റെ മകനായ റിഷഭ് ഡൽഹി സർവകലാശാലക്ക് കീഴിലെ കോളജിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.