ജി.എസ്.ടിക്ക് വീണ്ടും തീവ്രശ്രമം; എതിര്‍പ്പുമായി തമിഴ്നാട്
text_fieldsന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് സര്‍ക്കാറിന് പ്രതീക്ഷ വര്‍ധിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കം എതിര്‍പ്പ് ഉപേക്ഷിച്ചതിനാല്‍ അടുത്തമാസം തുടങ്ങുന്ന പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തില്‍ ജി.എസ്.ടി ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്‍െറ കണക്കുകൂട്ടല്‍. തമിഴ്നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഇപ്പോള്‍ ജി.എസ്.ടിക്ക് അനുകൂലമാണെന്ന് ചരക്കു സേവന ബില്ലുമായി ബന്ധപ്പെട്ട ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അതേസമയം, തങ്ങളുടെ ആശങ്കകള്‍ കണക്കിലെടുക്കണമെന്ന് ഡല്‍ഹിയിലത്തെിയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ലോക്സഭ ജി.എസ്.ടി ബില്‍ പാസാക്കിയതാണ്. ഭരണചേരി ന്യൂനപക്ഷമായ രാജ്യസഭയിലെ ഉടക്കുമൂലം ഭരണഘടനാ ഭേദഗതി മുടങ്ങി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്ന ശേഷം ജി.എസ്.ടി ബില്ലിന്‍െറ കാര്യത്തില്‍ കേന്ദ്രവുമായി സഹകരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങിയത്. ബി.ജെ.പിയാണ് ചെയ്യുന്നതെന്ന് കരുതി, പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ അനാവശ്യ ഉടക്കിനില്ളെന്നാണ് മമതയുടെ പ്രഖ്യാപനം. നിര്‍മാണ സംസ്ഥാനമെന്ന നിലയില്‍ തങ്ങള്‍ക്കുള്ള നഷ്ടം കേന്ദ്രം അഞ്ചുവര്‍ഷത്തേക്ക് നികത്തി നല്‍കുമെന്ന പ്രതീക്ഷയും മമത പങ്കുവെച്ചു. ഇതിനോട് ഒട്ടൊക്കെ യോജിച്ചുനില്‍ക്കുകയാണ് കേന്ദ്രം. ഇതിനിടെയാണ് നിര്‍മാണ സംസ്ഥാനമായ തമിഴ്നാടിന്‍െറ ആശങ്ക പരിഹരിക്കാതെ മുന്നോട്ടുനീങ്ങരുതെന്നാണ് ജയലളിതയുടെ ആവശ്യം.
വിവിധ സംസ്ഥാനങ്ങളിലെ വില്‍പന നികുതികള്‍ ഒഴിവാക്കി ഒറ്റ നികുതി കൊണ്ടുവരുന്നതാണ് ജി.എസ്.ടി. ഇത് നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കോണ്‍ഗ്രസാണ് പാര്‍ലമെന്‍റില്‍ എത്തിച്ചത്. എന്നാല്‍, മോദിസര്‍ക്കാറിന്‍െറ ഏതാനും വ്യവസ്ഥകളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതാണ് ബി.ജെ.പിക്കു മുന്നിലെ വെല്ലുവിളി. അതേസമയം, മമതയടക്കമുള്ള മുഖ്യമന്ത്രിമാര്‍ സഹായിച്ചാല്‍ ബില്‍ പാസായെന്നു വരും. 245 അംഗ രാജ്യസഭയില്‍ എന്‍.ഡി.എക്ക് 74ഉം യു.പി.എക്ക് 71ഉം അംഗങ്ങളാണ് ഇപ്പോഴുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്-12, എ.ഐ.എ.ഡി.എം.കെ-12, ജനതാദള്‍-യു-13, ബി.എസ്.പി-10 എന്നിങ്ങനെ എതിര്‍ പാളയത്തിലുള്ളവര്‍ക്ക് ഗണ്യമായ അംഗബലമുണ്ട്. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതിനുശേഷം പകുതി സംസ്ഥാന നിയമസഭകള്‍ അംഗീകരിക്കുകയും ചെയ്യണം. തമിഴ്നാട് മുഖ്യമന്ത്രി ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.