ഓണ്‍ലൈന്‍ വ്യാപാരം ജി.എസ്.ടി പരിധിയില്‍
text_fieldsന്യൂഡല്‍ഹി: ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, ഒ.എല്‍.എക്സ് തുടങ്ങിയവ വഴിയുള്ള ഓണ്‍ലൈന്‍ വാങ്ങല്‍-വില്‍പനകള്‍ക്ക് അടുത്ത ഏപ്രില്‍ മുതല്‍ ചരക്കുസേവന നികുതി (ജി.എസ്.ടി) നല്‍കേണ്ടിവന്നേക്കും. ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള എതിര്‍പ്പ് കുറഞ്ഞുവന്നതിനു പിന്നാലെ, ഓണ്‍ലൈന്‍ വ്യാപാരത്തെക്കൂടി ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കരട് നിയമം കേന്ദ്രം പ്രസിദ്ധീകരിച്ചു. കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി ഉന്നതാധികാര സമിതി അംഗീകരിച്ച മാതൃകാ നിയമമാണ് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി ധനമന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. പണമിടപാടിന്‍െറ ആദ്യ പോയന്‍റില്‍നിന്ന് നികുതി ഈടാക്കുന്നതിനാണ് നിര്‍ദേശം. അതനുസരിച്ച് ഓണ്‍ലൈനില്‍ വാങ്ങുന്ന ഘട്ടത്തില്‍തന്നെ നികുതി നല്‍കേണ്ടി വരും.
വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാര്‍ലമെന്‍റിന്‍െറ അംഗീകാരത്തിനു വിധേയമായി 2017 ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതോടെ എക്സൈസ്, സേവന നികുതികളും മറ്റു പ്രാദേശിക നികുതികളും ഒഴിവാകും; അവയെല്ലാം ജി.എസ്.ടിയില്‍ ഉള്‍ച്ചേര്‍ക്കും.
ഒരു സംസ്ഥാനത്ത് പ്രതിവര്‍ഷം 50 ലക്ഷം രൂപയില്‍ കവിയാത്ത ചരക്കുവില്‍പനയും സേവനങ്ങളും നല്‍കിവരുന്നയാള്‍ക്ക് ഒരു ശതമാനത്തില്‍ കുറയാത്ത നികുതി ജി.എസ്.ടി വ്യവസ്ഥ ചെയ്യുന്നതായി മാതൃകാ നിയമത്തില്‍ പറയുന്നു.
രജിസ്റ്റര്‍ ചെയ്ത നികുതിദായകന്‍ ഓരോ കാലയളവിലും റിട്ടേണ്‍ നല്‍കണം. വീഴ്ചവരുത്തിയാല്‍ ഓരോ ദിവസത്തിനും 100 രൂപയെന്ന കണക്കില്‍ 5000ത്തില്‍ കവിയാത്ത തുക പിഴയടക്കണം. ഉപഭോക്തൃസേവന നിധി രൂപവത്കരിക്കുന്നതിനാണ് മറ്റൊരു വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.