ഒൗദ്യോഗിക സ്ഥിരീകരണമായി; രോഹിത് വെമുല ദലിതനായിരുന്നു
text_fieldsന്യൂഡല്‍ഹി: ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദലിതനായിരുന്നുവെന്നതിന് ഒൗദ്യോഗിക സ്ഥിരീകരണം. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കാന്തിലാല്‍ ദാണ്ടെ പട്ടികജാതി ദേശീയ കമീഷന് (എന്‍.സി.എസ്.സി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെമുല പട്ടികജാതി സമുദായാംഗമാണെന്ന് വ്യക്തമാക്കുന്നത്. ഒ.ബി.സി വിഭാഗത്തില്‍ വരുന്ന വെഡെര സമുദായാംഗമാണ് വെമുലയെന്ന് പിതാവ് മണികുമാര്‍ പറഞ്ഞതാണ് ജാതി സംബന്ധിച്ച് വിവാദമുയരാന്‍ കാരണമായത്. ഗുണ്ടൂര്‍ തഹസില്‍ദാറുടെ റിപ്പോര്‍ട്ട് അനുസരിച്ച് വെമുല, ഹിന്ദു മാല ജാതിയില്‍പെടുന്നയാളാണ്. ഈ വിഭാഗം ആന്ധ്രയില്‍ പട്ടികജാതിയിലാണ് വരുന്നത്. ദാരിദ്ര്യരേഖക്കു താഴെയാണ് കുടുംബത്തിന്‍െറ സാമ്പത്തികസ്ഥിതിയെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ മാസംതന്നെ എന്‍.സി.എസ്.സി റിപ്പോര്‍ട്ട് പരിശോധിക്കുകയും അതംഗീകരിക്കപ്പെട്ടാല്‍ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പി. അപ്പറാവു, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ നിയമനടപടിക്ക് സാധിക്കുമെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കലക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ജാതി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അധികാരപ്പെട്ടയാളാണെന്ന് മാധുരി പാട്ടീലും മഹാരാഷ്ട്ര സംസ്ഥാനവും തമ്മിലെ കേസില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ കലക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് വെമുലയുടെ പിതാവിനോ പൊലീസിനോ മറ്റേതെങ്കിലും മൂന്നാം കക്ഷിക്കോ ചോദ്യംചെയ്യാനാകില്ളെന്നും വെമുലയുടെ കുടുംബത്തിന്‍െറ അഭിഭാഷകന്‍ എസ്. ഗുണരത്തന്‍ പറഞ്ഞു. വിവാഹമോചിതയായ വെമുലയുടെ അമ്മ രാധിക, തങ്ങള്‍ പട്ടികജാതിയില്‍പെടുന്നവരാണെന്നാണ് തുടക്കം മുതല്‍ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.