ദാഭോല്‍കര്‍: കൊലയാളികളെ പരിശീലിപ്പിച്ചത് സൈനികനെന്ന് സി.ബി.ഐ
text_fieldsമുംബൈ: ഡോ. നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയവരെ വെടിയുതിര്‍ക്കാന്‍ പരിശീലിപ്പിച്ചത് മുന്‍ സൈനികനെന്ന് സി.ബി.ഐ. സൈന്യത്തില്‍നിന്ന് വിരമിച്ച ആളാണ് കൊലയാളികളെ പരിശീലിപ്പിച്ചത്. സതാര, പുണെ, നാസിക് എന്നിവിടങ്ങളിലായിരുന്നു പരിശീലനകേന്ദ്രങ്ങള്‍. ഇവയെക്കുറിച്ച് വിവരങ്ങള്‍ സി.ബി.ഐക്ക് ലഭിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതനുസരിച്ച് വിമുക്ത ഭടന്മാരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതേക്കുറിച്ച് അറസ്റ്റിലായ സനാതന്‍ സന്‍സ്തയുടെ അനുബന്ധ സംഘടനയായ ഹിന്ദു ജനജാഗ്രുതി സമിതി പശ്ചിമേന്ത്യന്‍ നേതാവ് ഡോ. വിരേന്ദ്ര സിങ് താവ്ഡെയില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ധ്യാനവും മന്ത്രോച്ചാരണങ്ങളുമായി കഴിയുകയാണ് താവ്ഡെയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താവ്ഡെയെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ കോടതിയില്‍ അനുമതി തേടുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ഇന്ത്യന്‍ ഏജന്‍സികളുടെ പിടിപ്പുകേടാണ് ദാഭോല്‍കര്‍, പന്‍സാരെ, കന്നട എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തിന് വഴിവെച്ചതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. 2009ലെ ഗോവ സ്ഫോടനക്കേസില്‍ ഇ.എന്‍.ടി സ്പെഷലിസ്റ്റായ വിരേന്ദ്ര സിങ് താവ്ഡെയുടെ പങ്ക് പുറത്തുവന്നിട്ടും കേസ് അന്വേഷിച്ച എന്‍.ഐ.എ അദ്ദേഹത്തെ ചോദ്യംചെയ്യുകയോ പ്രതിയാക്കുകയോ ചെയ്തിട്ടില്ല.
ഗോവ സ്ഫോടനം, ദാഭോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് താവ്ഡെയാണെന്നാണ് സി.ബി.ഐ കരുതുന്നത്. സനാതന്‍ സന്‍സ്തയുടെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നു ഇതെല്ലാമെന്നും സി.ബി.ഐ പറയുന്നു. ഗോവ സ്ഫോടനക്കേസില്‍ പിടികിട്ടാപ്പുള്ളികളായ സാരംഗ് അകോല്‍കര്‍, രുദ്ര പാട്ടീല്‍ എന്നിവര്‍ക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇവരെക്കുറിച്ച അന്വേഷണവും നിരീക്ഷണവും നടന്നിട്ടില്ല. 2009ലെ ഗോവ സ്ഫോടനശേഷവും ഇവര്‍ സജീവമായിരുന്നു എന്ന് സി.ബി.ഐ പറയുന്നു.
പന്‍സാരെയെയും ദാഭോല്‍കറെയും വെടിവെച്ചത് രുദ്ര പാട്ടീലും സാരംഗ് അകോല്‍കറുമാണെന്നാണ് സി.ബി.ഐ നിഗമനം. കഴിഞ്ഞ ഒന്നിന് സാരംഗ് അകോല്‍കറുടെ പുണെ വീട് റെയ്ഡ് ചെയ്യാന്‍ സി.ബി.ഐ സംഘമത്തെുംവരെ സാരംഗ് അകോല്‍കര്‍ സജീവമായിരുന്നു. രുദ്ര പാട്ടീല്‍, സാരംഗ് എന്നിവരെക്കുറിച്ച് അന്വേഷിക്കുന്നതിലും സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും എന്‍.ഐ.എ, സംസ്ഥാന, കേന്ദ്ര ഇന്‍റലിജന്‍സുകള്‍, പ്രാദേശിക പൊലീസ് എന്നിവര്‍ പരാജയപ്പെട്ടു. 2008ലും 2012ലും സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര എ.ടി.എസ് സംസ്ഥാന സര്‍ക്കാറിന് വിവരങ്ങള്‍ നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.