ചരിത്രം തിരുത്തി കുറിക്കാൻ ഇനി വനിതാ സൈനിക പൈലറ്റുകളും
text_fieldsഹൈദരാബാദ്: ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് മൂന്ന് വനിതാ സൈനിക പൈലറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ശനിയാഴ്ച നടക്കും. ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമിയിൽ നിന്നാണ് ഫ്ളൈറ്റ് കേഡറ്റുകളായ ഭാവന കാന്ത്, അവനി ചതുർവേദി, മോഹന സിങ് എന്നിവരുടെ ആദ്യ വനിതാബാച്ച് പുറത്തിറങ്ങുന്നത്. വിമാനം പറത്തുന്ന വനിതകൾ ഏറെയുണ്ടെങ്കിലും സൈനിക പരിശീലനം ലഭിച്ച വനിതാ കേഡറ്റുകളുടെ കമീഷനിങ് രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
വനിതാ കേഡറ്റുകൾ മൂന്നുപേരും എൻജിനീയറിങ് ബിരുദധാരികളാണ്. ഒരു പക്ഷിയെ പോലെ പറന്നുനടക്കുക എന്ന ബാല്യകാല മോഹമാണ് ഇതിലൂടെ പൂവണിഞ്ഞതെന്ന് ബിഹാർ സ്വദേശിനിയായ ഭാവനാകാന്ത് പറഞ്ഞു. ട്രെയ്നിങിന്‍റെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയപ്പോൾ തന്നെ ഫ്ളൈറ്റ് കേഡറ്റാകുന്നതിനുള്ള അവസരം കൈവന്നു. പിന്നെ മറ്റൊന്നും ആലോചിക്കാതെ സന്തോഷപൂർവം അതേറ്റെക്കുകയായിരുന്നുവെന്ന് ഭാവന പറഞ്ഞു.
മധ്യപ്രദേശിലെ സത്ന സ്വദേശിനിയാണ് അവനി ചതുർവേദി. ഇതൊരു തുടക്കം മാത്രമാണെന്നും ഏറ്റവും പുതിയ ഫൈറ്റർ എയർക്രാഫ്റ്റുകൾ പറത്തുകയാണ് തന്‍റെ ആഗ്രഹമെന്നും അവനി പറഞ്ഞു.
രാജസ്ഥാൻ സ്വദേശിനി മോഹന സിങിന്‍റെ ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു പൈലറ്റാകുക എന്നത്. ഏവിയേഷൻ റിസർച്ച് സെന്‍ററിലെ ഫ്ളൈറ്റ് ഗണ്ണറായ മുത്തച്ഛനാണ് ആഗ്രഹത്തിന് തിരികൊളുത്തിയത്. രാജ്യത്തിന്‍റെ ആകാശ അതിരുകൾ കാക്കുന്ന ജോലി തന്നെ ആവേശം കൊള്ളിക്കുന്നതായി മോഹന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.