ചരിത്രം വഴിമാറിപ്പറക്കും; പോര്‍വിമാന പൈലറ്റുമാരായി വനിതകളും
text_fieldsഹൈദരാബാദ്: ചരിത്രം വഴിമാറ്റി, പോര്‍ വിമാനം പറത്താന്‍ വ്യോമസേനയില്‍ ഇനി വനിതകളും. ആവണി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിങ് എന്നിവരാണ് രാജ്യത്തിന്‍െറ അഭിമാനമുയര്‍ത്തി ആദ്യ വനിതാ പോര്‍വിമാന പൈലറ്റുമാരാകുന്നത്. ദുണ്ടിഗലിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ സംയുക്ത സൈനിക പരേഡിനുശേഷം നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഇവരെ ഒൗദ്യോഗികമായി വ്യോമസേനയിലേക്ക് കമീഷന്‍ ചെയ്തു. ഇത് സുവര്‍ണാക്ഷരങ്ങളില്‍ എഴുതപ്പെടേണ്ട ദിവസമാണെന്ന് പറഞ്ഞ പരീകര്‍, പടിപടിയായി സൈനിക വിഭാഗങ്ങളില്‍ സ്ത്രീ-പുരുഷ സമത്വം നടപ്പാക്കുമെന്നും വ്യക്തമാക്കി.
യുദ്ധരംഗങ്ങളില്‍ വനിതാ സൈനികര്‍ വരുന്നതിനെ ദീര്‍ഘകാലമായി എതിര്‍ത്തിരുന്ന ഇന്ത്യ ഈ വര്‍ഷം ഫെബ്രുവരി 16നാണ് നയംമാറ്റം പ്രഖ്യാപിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സുപ്രധാന തീരുമാനം രാജ്യത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് ആറു വനിതകളെ യുദ്ധവിമാനം പറത്തുന്നതിനുള്ള പരിശീലനത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ അവസാന പരിശീലന കടമ്പയും കടന്ന്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് ആവണിയും ഭാവനയും മോഹനയും സൈന്യത്തില്‍ പുതിയ ചരിത്രമെഴുതുന്നത്. ഇതുവരെ 150 മണിക്കൂര്‍ യുദ്ധവിമാനം പറത്തിയ ഇവര്‍ക്ക് ഇനി ബ്രിട്ടീഷ് നിര്‍മിത പോര്‍വിമാനമായ ഹോക്കില്‍ പരിശീലനം ലഭിക്കും. കര്‍ണാടകയിലെ ബീദറിലോ കലൈക്കുണ്ട വ്യോമസേനാ കേന്ദ്രത്തിലോ ആയിരിക്കും പരിശീലനം. യുദ്ധരംഗത്ത് പോര്‍വിമാനത്തിന് വേണ്ടിവരുന്ന അതികഠിനമായ അഭ്യാസങ്ങളിലും ആയുധപ്രയോഗങ്ങളിലുമായിരിക്കും ഒരു വര്‍ഷത്തോളം ഇവിടെ പരിശീലനം നല്‍കുക. അതോടെ സുഖോയ് 30 എം.കെ.ഐ, മിഗ് 21, മിറാഷ് 2000 തുടങ്ങിയവയടക്കം ശബ്ദാതിവേഗ (സൂപ്പര്‍ സോണിക്) യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഇവര്‍ പ്രാപ്തരാകും.
ഇന്ത്യന്‍ സേനയിലെ ആദ്യ പോര്‍വിമാന പൈലറ്റുമാരാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ മൂന്നുപേരും ഇത് ആര്‍ക്കും സാധിക്കാവുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ സത്ന സ്വദേശിയായ ആവണി ചതുര്‍വേദി സൈനിക ഓഫിസര്‍മാരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്. കരസൈനികനായ സഹോദരനാണ് തന്‍െറ പ്രചോദനമെന്ന് ആവണി പറഞ്ഞു. ചെറുപ്പം തൊട്ടേ ആകാശത്ത് പറന്നുനടക്കാന്‍ കൊതിച്ചിരുന്നുവെന്നും ഏറ്റവും മികച്ച പോര്‍വിമാന പൈലറ്റാവുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
ബിഹാര്‍ ദര്‍ഭംഗ സ്വദേശിനിയാണ് ഭാവന കാന്ത്. കുട്ടിയായിരിക്കുമ്പോഴെ വിമാനം പറത്തുന്നത് സ്വപ്നമായിരുന്നുവെന്നും ആ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഭാവന പറഞ്ഞു. പിതാവ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനാണ്.രാജസ്ഥാനിലെ ജുഞ്ചുനുവില്‍നിന്ന് വരുന്ന മോഹനസിങ്ങിന്‍െറ പിതാവ് വ്യോമസേനയിലെ വാറന്‍റ് ഓഫിസറും മുത്തച്ഛന്‍ വ്യോമ ഗവേഷണ കേന്ദ്രത്തിലെ ഉന്നത സൈനികനുമായിരുന്നു. അവരുടെ പാരമ്പര്യം തുടര്‍ന്ന് രാജ്യത്തെ സേവിക്കുകയാണ് തന്‍െറ ലക്ഷ്യമെന്ന് മോഹന സിങ് വ്യക്തമാക്കി.
അതേസമയം, വ്യോമസേനയില്‍ യുദ്ധമുഖത്തേക്ക് വനിതകള്‍ വരുമ്പോഴും കര-നാവിക സേനകള്‍ വനിതകളെ ഈ നിലയില്‍ നിയോഗിക്കാനുള്ള തീരുമാനമെടുത്തിട്ടില്ല. ഹെലികോപ്ടറുകളും മറ്റ് വിമാനങ്ങളും പറത്തുന്ന 94 വനിതാ പൈലറ്റുമാര്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.