റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തിന് പ്രമുഖരുടെ കരുനീക്കം
text_fieldsന്യൂഡല്‍ഹി: രണ്ടാമൂഴത്തിന് നില്‍ക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഒഴിയാനുള്ള രഘുറാം രാജന്‍െറ പ്രഖ്യാപനത്തിനു പിന്നാലെ, ഈ പദവി കൈയടക്കാന്‍ സാമ്പത്തികരംഗത്തെ പ്രമുഖര്‍ ചരടുവലി തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ, റിസര്‍വ് ബാങ്കിന്‍െറ നാലു ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ഊര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാകേഷ് മോഹന്‍, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരി, മുന്‍ ധനകാര്യ സെക്രട്ടറിയും സാമ്പത്തിക വിദഗ്ധനുമായ വിജയ് ഖേല്‍ക്കര്‍ തുടങ്ങിയവരുടെ പേരുകളാണ് ഇതിനകം ഉയര്‍ന്നുവന്നിട്ടുള്ളത്. രാജനോടൊപ്പം പ്രവര്‍ത്തിച്ച പരിചയവും ഗുജറാത്ത് ബന്ധവും ഊര്‍ജിത് പട്ടേലിന് അനുകൂല ഘടകങ്ങളാണ്. സ്റ്റേറ്റ് ബാങ്ക് ലയനമടക്കം ഉദാരീകരണ താല്‍പര്യങ്ങള്‍ക്കൊത്ത് നില്‍ക്കുന്ന അരുന്ധതിക്ക് നറുക്കു വീണാല്‍ ആദ്യ വനിതാ റിസര്‍വ് ബാങ്ക് ഗവര്‍ണറായിത്തീരും.
ഇതിനിടെ, കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടര മാസം ബാക്കിനില്‍ക്കെ രഘുറാം രാജന്‍ നടത്തിയ വിരമിക്കല്‍ പ്രഖ്യാപനംവഴി മോദിസര്‍ക്കാര്‍ വ്യാപക വിമര്‍ശം നേരിടുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, വ്യവസായലോകവും രാജന്‍ പദവിയൊഴിയുന്നതില്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍, രഘുറാം രാജനുമായി ശീതസമരത്തിലായിരുന്ന ബി.ജെ.പി ആഹ്ളാദത്തിലാണ്. രാജന്‍െറ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം, പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറെ വൈകാതെ കണ്ടത്തെുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. രാജനെതിരെ കടുത്ത വിമര്‍ശം നടത്തിപ്പോന്ന സുബ്രമണ്യം സ്വാമി എം.പി, വിരമിക്കാനുള്ള തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യ ഉദാരീകരണ കാലത്തേക്ക് കടന്നതിനുശേഷം വന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍ മൂന്നു വര്‍ഷത്തെ സേവനകാലം മതിയെന്ന് തീരുമാനിച്ച ആദ്യത്തെയാളാണ് രഘുറാം രാജന്‍. രണ്ടാമൂഴത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും സര്‍ക്കാറിന്‍െറ നിലപാടാണ് രണ്ടര മാസം മുമ്പേ തീരുമാനം പ്രഖ്യാപിക്കാന്‍ രാജനെ പ്രേരിപ്പിച്ചത്. ഷികാഗോ യൂനിവേഴ്സിറ്റിയിലെ അധ്യാപനജോലിയിലേക്ക് തിരിച്ചുപോവുകയാണ് അദ്ദേഹം. സെപ്റ്റംബര്‍ നാലിന് കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കിലും രാജന്‍ തുടരണമെന്ന് ഒരുഘട്ടത്തിലും സര്‍ക്കാര്‍ പറഞ്ഞില്ല. പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറാകാന്‍ യോഗ്യതയുള്ളവരുടെ പാനല്‍ തയാറാക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത് വ്യക്തമായ സന്ദേശവുമായി. ബി.ജെ.പിയുടെ അസഹിഷ്ണുതാ ചെയ്തികള്‍ രാജ്യത്തിന്‍െറ സമ്പദ്രംഗത്ത് പരിക്കേല്‍പിക്കുന്നതിനെക്കുറിച്ച് നടത്തിയ പരസ്യമായ അഭിപ്രായപ്രകടനത്തോടെയാണ് മോദിസര്‍ക്കാറിന് രഘുറാം രാജന്‍ തികച്ചും അനഭിമതനായത്. കുരുടസാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യയെന്ന പരാമര്‍ശത്തോടെയാണ് ഇന്ത്യ പുരോഗതിയില്‍ മുന്‍നിരയിലാണെന്ന മോദിസര്‍ക്കാറിന്‍െറ പെരുപ്പിച്ച വര്‍ത്തമാനങ്ങളുടെ പൊള്ളത്തരം പിന്നീടൊരിക്കല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തുറന്നുകാട്ടിയത്. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ രാജനെതിരെ പരസ്യവിമര്‍ശം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സുബ്രമണ്യം സ്വാമി വിമര്‍ശത്തിന്‍െറ ചുക്കാന്‍ ഏറ്റെടുത്ത് കളത്തിലിറങ്ങിയത്. രാജന്‍െറ പൗരത്വം, അന്താരാഷ്ട്ര ഏജന്‍സികളില്‍ ജോലി ചെയ്തയാളുടെ വിശ്വാസ്യത എന്നിവ ചോദ്യംചെയ്യപ്പെട്ടു. അമേരിക്കന്‍ ചായ്വുണ്ടെന്നാണ് ചില ആര്‍.എസ്.എസ് സംഘടനകള്‍ കുറ്റപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.