കോൺഗ്രസ് ബന്ധം: സി.പി.എം കേന്ദ്രകമ്മിറ്റിയിൽ രാജി
text_fieldsന്യൂഡൽഹി: ബംഗാളിലെ കോൺഗ്രസ് ബന്ധത്തിൽ പ്രതിഷേധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയിൽ രാജി. ഹരിയാനയിൽ നിന്നുള്ള ജഗ്മതി സംഗ്വാനാണ് കേന്ദ്രകമ്മിറ്റിയംഗത്വം രാജിവെച്ചത്. പാർട്ടി അംഗത്വവും രാജിവെക്കുന്നതായി അവർ വ്യക്തമാക്കി. സി.പി.എമ്മിൻെറ വനിതാ സംഘടനയായ മഹിളാ അസോസിയേഷൻെറ ജനറൽ സെക്രട്ടറിയാണ് ജഗ്മതി സംഗ്വാൻ. കോൺഗ്രസുമായുള്ള സഖ്യം കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അടവ് നയത്തിൻെറ ലംഘനമാണെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം ചർച്ച ചർച്ച ചെയ്യാൻ കേന്ദ്രകമ്മിറ്റി തയ്യാറായില്ലെന്നും അവർ വ്യക്തമാക്കി. അരമണിക്കൂറിനകം ജഗ്മതി സംഗ്വാനെ അച്ചടക്ക ലംഘനത്തിൻെറ പേരിൽ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കേന്ദ്രകമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
കേന്ദ്രകമ്മിറ്റി യോഗത്തിനിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയ ജഗ്മതി സംഗ്വാനെ അനുനയിപ്പിക്കാൻ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ശ്രമിച്ചെങ്കിലും തീരുമാനം പിൻവലിക്കാൻ അവർ തയ്യാറായില്ല. അതന്ത്യം വികാരഭരിതയായാണ് അവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. രാജിയെക്കുറിച്ച് പാർട്ടി നേതൃത്വത്തിൻെറ പ്രതികരണം ആരാഞ്ഞപ്പോൾ താൻ രാജിക്കത്ത് നൽകുകയും ഇറങ്ങിപ്പോരുകയുമായിരുന്നെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം ഹരിയാന മുൻ സംസ്ഥാന സെക്രട്ടറി ഇന്ദർജിത് സിങിൻെറ ഭാര്യയാണ് ജഗ്മതി സംഗ്വാൻ. ഹരിയാനയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ മുൻനിരയിലാണ് ജഗ്മതിയുടെ സ്ഥാനം. സംസ്ഥാനത്ത് വർധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ദുരഭിമാനക്കൊലകൾ, ഖാപ് പഞ്ചായത്തുകളുടെ വിവാദ തീരുമാനങ്ങൾ തുടങ്ങിയവക്കെതിരായ പോരാട്ടത്തിൽ ജഗ്മതി മുൻനിരയിലുണ്ടായിരുന്നു.അന്താരാഷ്ട്ര വോളിബാൾ താരമായ അവർ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം- കോൺഗ്രസ് സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.