ഇക്കുറി കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്നിനില്ല
text_fieldsന്യൂഡല്‍ഹി: രാഷ്ട്രീയ ഇഫ്താറുകളുടെ തിരക്ക് കുറഞ്ഞുപോയ ഡല്‍ഹിയില്‍ ഇക്കുറി കോണ്‍ഗ്രസും വിരുന്ന് വേണ്ടെന്നുവെച്ചു. പകരം ഏതാനും അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം വിപുലമായ ഇഫ്താര്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. യു.പി.എ സഖ്യകക്ഷി നേതാക്കളും ബി.ജെ.പിയിതര ചേരിയിലുള്ള പാര്‍ട്ടികളുടെ പ്രതിനിധികളുമൊക്കെ പങ്കെടുത്തു. എന്നാല്‍, ഇക്കൊല്ലം ഇഫ്താര്‍ വേണ്ടെന്നുവെച്ചതിന് രാഷ്ട്രീയ കാരണങ്ങള്‍ പലതാണ്. വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി വിദേശത്താണ്. പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം വൈകാതെ ഏറ്റെടുക്കാന്‍ പോകുന്നുവെന്നിരിക്കെ, അദ്ദേഹത്തിന്‍െറ അഭാവത്തില്‍ ഇഫ്താര്‍ നടത്തുന്നത് ഉചിതമല്ളെന്ന പാര്‍ട്ടി നേതാക്കളുടെ ഉപദേശം സോണിയ ഗാന്ധി സ്വീകരിച്ചു.
യു.പി.എ സഖ്യകക്ഷികളും ബി.ജെ.പിയിതര പാര്‍ട്ടികളുമായുള്ള കോണ്‍ഗ്രസിന്‍െറ ബന്ധം ദുര്‍ബലമായതാണ് ഇഫ്താര്‍ ഒഴിവാക്കിയ പ്രധാന കാരണങ്ങളിലൊന്ന്.
കഴിഞ്ഞ തവണ ജനതാദള്‍-യു നേതാവ് നിതീഷ് കുമാര്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ഡെറിക് ഒബ്രിയന്‍ തുടങ്ങി പ്രമുഖര്‍ വിരുന്നിന് എത്തിയിരുന്നു. എന്നാല്‍, ഇക്കുറി അവരുമായുള്ള അടുപ്പത്തിനും ഉടവുതട്ടിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയതു മുതല്‍ കോണ്‍ഗ്രസുമായി മമത ബാനര്‍ജി നീരസത്തിലാണ്. സി.പി.എം-കോണ്‍ഗ്രസ് സഖ്യം ഒരു ഘട്ടത്തില്‍ മമത പരാജയപ്പെടുമെന്ന പ്രതീതി വരെ സൃഷ്ടിച്ചിരുന്നു.
ചരക്കു സേവന നികുതി ബില്ലിന്‍െറ കാര്യത്തില്‍ വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്ന സ്ഥിതിയാണ്. മമതക്കു പുറമെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും കേരള മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ ജി.എസ്.ടി ബില്ലിനെ അനുകൂലിക്കുന്നതാണ് സാഹചര്യം.
യു.പി തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി എന്നിവ കോണ്‍ഗ്രസുമായി ഊഷ്മള ബന്ധത്തിന് താല്‍പര്യപ്പെടാത്ത സ്ഥിതിയുമുണ്ട്. ഇതിനെല്ലാമിടയില്‍ പ്രതിപക്ഷനിരയിലെ പാര്‍ട്ടികള്‍ക്കൊപ്പമൊരു വിരുന്നിന് കോണ്‍ഗ്രസിന് താല്‍പര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.