എസ്.സി.ഒ അംഗത്വം ഇന്ത്യക്ക് കരുത്തു പകരും –മോദി
text_fieldsതാഷ്കന്‍റ്: ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്.സി.ഒ) അംഗത്വം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാറ്റോയുടെ (നോര്‍ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ബദല്‍ സംഘടനയായി വിശേഷിപ്പിക്കപ്പെടുന്ന എസ്.സി.ഒയില്‍ ഇന്ത്യക്ക് പൂര്‍ണ അംഗത്വം നല്‍കുന്നതു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കവെയാണ് ഉസ്ബകിസ്താന്‍ തലസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ മോദി ഇങ്ങനെ പറഞ്ഞത്.
തീവ്രവാദം നേരിടുന്നതിലും സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലും സംഘടനയിലെ അംഗത്വം രാജ്യത്തിന് കരുത്തേകും. ഊര്‍ജം, പ്രകൃതിവിഭവങ്ങള്‍ എന്നിവ ഇന്ത്യക്ക് അംഗരാജ്യങ്ങളില്‍നിന്ന് ലഭിക്കുമ്പോള്‍ തിരിച്ച് ഇന്ത്യയുടെ വിശാലവിപണിയും ശക്തമായ സാമ്പത്തിക വ്യവസ്ഥിതിയും മറ്റു രാജ്യങ്ങള്‍ക്ക് തുണയേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ണ അംഗമാകാനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ച ഇന്ത്യ ഈ വര്‍ഷത്തിനകം മറ്റു 30 രേഖകളില്‍ക്കൂടി ഒപ്പുവെച്ചാലേ പൂര്‍ണ അംഗത്വം ലഭിക്കൂ. ഇന്ത്യക്കുവേണ്ടി വിദേശ മന്ത്രാലയത്തിലെ (ഈസ്റ്റ്) സെക്രട്ടറി സുജാത മത്തേയാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയെ ഇതിന് പിന്തുണച്ച എല്ലാ രാജ്യങ്ങളോടും നന്ദിപറഞ്ഞ മോദി, ഇന്ത്യക്കൊപ്പം അംഗത്വം ലഭിക്കുന്ന പാകിസ്താനെയും പ്രത്യേകം സ്വാഗതം ചെയ്തു. ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, തജികിസ്താന്‍ പ്രസിഡന്‍റ് ഇമാമലി റഹ്മാന്‍, ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകഷങ്കോ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.