ഡല്‍ഹി സര്‍ക്കാര്‍ പാസാക്കിയ 14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചു
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ പോയവര്‍ഷം അംഗീകാരത്തിനായി സമര്‍പ്പിച്ച 14 ബില്ലുകളും കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. കെജ്രിവാള്‍ സംഘത്തിന്‍െറ മുഖ്യ തെരഞ്ഞെടുപ്പ് വിഷയവും വാഗ്ദാനവുമായ അഴിമതി തടയാനുള്ള ലോക്പാല്‍ ബില്ലും കേന്ദ്രം തള്ളിക്കളഞ്ഞതില്‍ ഉള്‍പ്പെടും. നടപടി ക്രമങ്ങള്‍ വേണ്ടുംവിധം പാലിച്ചില്ളെന്ന പേരിലാണ് അംഗീകാരം നിഷേധിച്ചിരിക്കുന്നത്. എന്നാല്‍, നിബന്ധനകളും പ്രക്രിയകളും അനുസരിച്ച് പത്തുവട്ടം അയച്ചിട്ടും അവ പരിഗണിക്കാത്തത് ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രത്തിന് താല്‍പര്യമില്ല എന്നതിന്‍െറ തെളിവാണെന്നും സാധ്യമായ രീതിയിലെല്ലാം ഡല്‍ഹി സര്‍ക്കാറിന്‍െറ വഴിമുടക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ പ്രതികരിച്ചു. കേന്ദ്രം ഡല്‍ഹിയുടെ ഹെഡ്മാസ്റ്റര്‍ എന്ന മട്ടിലാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കും മുമ്പ് കേന്ദ്രത്തെ അറിയിച്ച് അംഗീകാരം നേടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ വാദം. മുന്‍ സര്‍ക്കാറുകളുടെ കാലത്തൊന്നും ഇത്തരം ഒരു നിബന്ധന നടപ്പാക്കിയിരുന്നില്ല. എന്നാല്‍, എഴുപതംഗ നിയമസഭയില്‍ മൂന്ന് ബി.ജെ.പി അംഗങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും ആം ആദ്മി അംഗങ്ങള്‍ ആകയാല്‍ ഡല്‍ഹിയിലെ ഓരോ ചലനങ്ങളും കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനങ്ങളും ബില്ലുകളും ലെഫ്. ഗവര്‍ണര്‍ ഇടപെട്ട് തടയുന്നതും തള്ളുന്നതും പതിവു സംഭവമാണ്.
ലെഫ്. ഗവര്‍ണര്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആപ് ഉയര്‍ത്തുന്ന മുഖ്യ ആരോപണം. ഇതിനിടെ ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവി സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിടുതല്‍ നേടുന്നതു സംബന്ധിച്ച് യു.കെയില്‍ ഹിതപരിശോധന നടക്കവെയാണ് ഡല്‍ഹി മുഖ്യന്‍ ഇതു പ്രഖ്യാപിച്ചത്. പൂര്‍ണ സംസ്ഥാന പദവി ആപ് തുടക്കം മുതലേ ആവശ്യപ്പെടുന്നതാണ്. അതു സാധ്യമായാലേ ഡല്‍ഹി പൊലീസ്, ഭൂമി വിനിയോഗം, ഉന്നത ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാവൂ. കെജ്രിവാളിന്‍െറ പ്രഖ്യാപനത്തെ സാമൂഹിക മാധ്യമങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ രൂക്ഷമായി നേരിട്ടു. അതേസമയം, കോണ്‍ഗ്രസും നീക്കത്തെ എതിര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.